ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റ് മരിച്ചു. ദോമരിയഗഞ്ച് മുന്‍ എംഎല്‍എ പ്രേം പ്രകാശ് തിവാരി എന്ന ഗിപ്പി തിരവാരിയുടെ മകന്‍ വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി കസ്മണ്ട ഹൗസിലാണ് സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനും ബിജെപി സംസ്ഥാന ഓഫീസിനും 300 മീറ്റര്‍ അകലെയാണ് കൊലപാതകം നടന്നത്. 

വൈഭവിനെ ചിലര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി.തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും കൈയ്യാംകളിയിലും വൈഭവിന് വെടിയേല്‍ക്കുകകയായിരുന്നുവെന്ന് എഡിജിപി അഭയ് പ്രസാദ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് ബിരുദം വൈഭവ് മൂന്ന് വര്‍ഷം മുമ്പുവരെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവമായിരുന്നു. 1989 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തിലാണ് ഗിപ്പി തിവാരി ബിജെപി പ്രതിനിധിയായി നിയമസഭയിലുണ്ടായിരുന്നത്.