ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീ നൽകിയ  ബലാത്സംഗപരാതി പരാതിയില്‍ വസ്തുതയെന്ന് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം എസ്പിക്ക് നല്‍കും

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയെന്ന് വൈക്കം ഡിവൈഎസ്പി. രഹസ്യമൊഴിയിലും പൊലീസ് നൽകിയ മൊഴിയിലും പറയുന്നത് ഒരേ കാര്യങ്ങളാണ് പറയുന്നതെന്നും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ജലന്ധറിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുമെന്നും വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് വ്യക്തമാക്കി. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം എസ്പിക്ക് നല്‍കും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ 13 പ്രാവശ്യ ബലാത്സംഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് കന്യാസ്ത്രീ നൽകിയ മൊഴി. 2014 മെയിലാണ് ആദ്യ സംഭവവെന്നും അഞ്ച് മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പിൽ കന്യാസ്ത്രീ വ്യക്തമാക്കി. കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെത്തിയായിരുന്നു മൊഴിയെടുപ്പ്. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ കന്യാസ്ത്രീ സഭാ നേതൃത്വത്തിൽ നിന്നും നീതി കിട്ടാത്തതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.

ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന് ജലന്ധർ കത്തോലിക്ക ബിഷപ്പ് മകളെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ആലപ്പുഴ മുഹമ്മ സ്വദേശിയായ കന്യാസ്ത്രീയുടെ കുടുംബവും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രോഗബാധിതയായ മകളുടെ ചികിത്സ വൈകിപ്പിച്ചും, ഉപരിപഠനം മുടക്കിയുമാണ് ബിഷപ്പ് പകരം വീട്ടിയത്. പരിഹാരം കാണാമെന്ന് വാഗ്ദാനം ചെയ്ത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും പരാതി അവഗണച്ചെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.