അദ്ദേഹത്തിന്റെ ദീർഘകാല സഹായി ശിവ്കുമാർ പരീഖിനെ ഉദ്ധരിച്ചാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വാജ്പേയി കാലഘട്ടത്തിൽ ബിജെപിയും പ്രവർത്തകരും തമ്മിലുണ്ടായിരുന്ന ഏകോപനം ഇപ്പോൾ കാണാനില്ലെന്നും പരീഖ് കരുതുന്നു.
ദില്ലി: 2004-ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തോടെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തോൽവി തിരിച്ചറിഞ്ഞിരുന്നെന്ന് വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ദീർഘകാല സഹായി ശിവ്കുമാർ പരീഖിനെ ഉദ്ധരിച്ചാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വാജ്പേയി കാലഘട്ടത്തിൽ ബിജെപിയും പ്രവർത്തകരും തമ്മിലുണ്ടായിരുന്ന ഏകോപനം ഇപ്പോൾ കാണാനില്ലെന്നും പരീഖ് കരുതുന്നു.
2004-ലെ താൽവിക്കു രണ്ടു കാരണങ്ങളുണ്ടായിരുന്നു ഒന്നാമത്തേത്, ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം പാർട്ടിക്കെതിരായി. രണ്ടാമത്തേത് തെരഞ്ഞെടുപ്പ് നിശ്ചയിച്ചതിനേക്കാൾ മുന്പ് നടത്താൻ തീരുമാനിച്ചു. അടൽജി തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനോട് അനുകൂലമായിരുന്നില്ല. എന്നാൽ പാർട്ടി ഇതു സംബന്ധിച്ചു തീരുമാനമെടുക്കുകയായിരുന്നു- വാജ്പേയിയോടൊപ്പം അഞ്ച് ദശാബ്ദത്തിലേറെക്കാലമുണ്ടായിരുന്ന ശിവ്കുമാർ ഒരു ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ അവസാന തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിനു മുന്പ് ബിജെപിയുടെ തോൽവിയെക്കുറിച്ച് വാജ്പേയി തിരിച്ചറിഞ്ഞതായി അദ്ദേഹം പറയുന്നു. ലക്നോവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അർധരാത്രിയോടെ തിരിച്ചുവന്ന ശേഷം വാജ്പേയി ശിവകുമാറിനോട് പറഞ്ഞു, "സർക്കാർ പോവുകയാണ്, ഞങ്ങൾക്കു നഷ്ടപ്പെടുകയാണ്’.
പരാജയം സാധ്യമല്ലെന്ന് പരീഖ് വാദിച്ചപ്പോൾ, "നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്? ഞാൻ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നയാളാണ്’ എന്നായിരുന്നു വാജ്പേയിയുടെ മറുപടിയെന്നും പരീഖ് അഭിമുഖത്തിൽ വെളിപ്പെടുത്തി.
