വളാഞ്ചേരി: മലപ്പുറം ജില്ലയിലെ രോഗപ്രതിരോധ കുത്തിവെപ്പുകേന്ദ്രങ്ങളില്‍ ശനിയാഴ്ച മുതല്‍ പൊലീസ് സംരക്ഷണം. പ്രശ്‌നമുണ്ടാകുന്ന സ്ഥലങ്ങളില്‍ ദ്രുതകര്‍മസേനയുമെത്തും. ജില്ലാകളക്ടര്‍ അമിത് മീണയാണ് ഇക്കാര്യം അറിയിച്ചത്. എടയൂര്‍ അത്തിപ്പറ്റ ഗവ. എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മീസല്‍സ് -റുബെല്ല പ്രതിരോധകുത്തിവെപ്പ് നല്‍കാനെത്തിയ ആരോഗ്യവകുപ്പിലെ സ്റ്റാഫ്‌നഴ്‌സിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് ജില്ലാകളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഇത്തരം വിഷയങ്ങളില്‍ ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും കുത്തിവെപ്പ് വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗം ഉറപ്പുനല്‍കി. അതേസമയം, സ്റ്റാഫ് നഴ്‌സിനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. എടയൂര്‍ അത്തിപ്പറ്റ പറങ്ങാട്ട്പറമ്പില്‍ മുബഷിര്‍(24), സഹോദരന്‍ സഫ്വാന്‍(23), എടയൂര്‍ വെങ്ങാട് ചേലക്കോട്ട് ഫൈസല്‍ബാബു(24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.