മണിപ്പൂരിൽ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശിയായ ഋഷികാന്ത സിങ് ആണ് മരിച്ചത്. ചുരാചന്ദ് പുരിലാണ് സംഭവം.

ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശിയായ ഋഷികാന്ത സിങ് ആണ് മരിച്ചത്. ചുരാചന്ദ് പുരിലാണ് സംഭവം. കുക്കി വിഭാഗത്തിലുള്ളവർ തട്ടിക്കൊണ്ടു പോയി കൊല ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെയാണ് യുവാവിനെയും ഭാര്യയെയും സംഘം തട്ടിക്കൊണ്ടുപോയത്. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്.

ഒരു ശാന്തതയ്ക്ക് ശേഷം വീണ്ടും മണിപ്പൂരിൽ സം​ഘർഷ സാധ്യത ഉടലെടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെയ്തെയ് വിഭാഗത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തത്. ഋഷികാന്ത സിങ്ങിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ഈ മാസം 19നാണ് നേപ്പാളിൽ നിന്ന് ഋഷികാന്ത മണിപ്പൂരിലെത്തുന്നത്. ഭാര്യയെ കാണാൻ വേണ്ടി സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കുടുംബാം​ഗങ്ങൾ പറയുന്നതിനനുസരിച്ച് ഭാര്യയെ കാണുന്നതിനും അവരോടൊപ്പം കുറച്ചുദിവസം താമസിക്കുന്നതിനുമായി ഋഷികാന്ത കുക്കി വിഭാ​ഗത്തിലെ നേതാക്കളിൽ നിന്നും അനുവാദം വാങ്ങിയിരുന്നതായാണ്. എന്നാൽ, ഇന്നലെ വൈകിട്ടോടു കൂടി വാഹനത്തിൽ ആയുധങ്ങളുമായെത്തിയ ഒരു സംഘം ഋഷികാന്തയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് സംഘം യുവതിയെ വിട്ടയച്ചു. പക്ഷേ, ഋഷികാന്തയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

മണിപ്പൂരിൽ കലാപ സാധ്യതയെ തുടർന്ന് മെയ്തെയ് വിഭാഗത്തിലുള്ളവർ കുക്കി ഭൂരിപക്ഷ പ്രദേശത്തേക്കോ കുക്കി വിഭാ​ഗത്തിലുള്ളവർ മെയ്തെയ് ഭൂരിപക്ഷ പ്രദേശത്തേക്കോ പ്രവേശിക്കാറില്ല. എന്നാൽ, ഭാര്യയെ കാണാനെത്തിയപ്പോഴാണ് ഋഷികാന്ത എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. കുക്കി ഭൂരിപക്ഷ പ്രദേശത്തുവെച്ചാണ് യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.

YouTube video player