വാളയാറിലെ സഹോദരിമാരില്‍ ഇളയ പെണ്‍കുട്ടി ശരണ്യ അടുത്ത വീട്ടില്‍ കളിക്കാന്‍ പോയി വരുമ്പോള്‍ നാളെ വരാം എന്ന് പറഞ്ഞിരുന്നതായും എന്നാല്‍ പിന്നെ അര മണിക്കൂറിനുളളില്‍ കുട്ടി മരണപ്പെട്ട നിലയില്‍ കാണുകയും ആണ് ഉണ്ടായതെന്ന അയല്‍വാസിയുടെ മൊഴിയാണ് കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ രക്ഷിതാക്കള്‍ കാലില്‍ തൊട്ടുവെന്നും തുടര്‍ന്ന് തൂങ്ങി നിന്ന കയര്‍ നിലത്തേക്ക് ഊര്‍ന്നുവന്നുവെന്ന മൊഴിയും പൊലീസിനെ കുഴക്കുന്നു. കുട്ടിയെ മറ്റൊരാള്‍ കൊലപ്പെടുത്തിയതാണെങ്കില്‍ ഇത്തരത്തില്‍ കയര്‍ താഴേക്ക് വരില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
പുതിയ അന്വേഷണസംഘം കേസന്വേഷിക്കാനാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ തെളിവുകള്‍ കിട്ടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും.
പ്രദേശവാസികളടക്കം കസ്റ്റഡിയിലെടുത്ത ചിലരെ വിവിധ സ്‌റ്റേഷനുകളില്‍ ചോദ്യം ചെയ്ത് വരികയാണ്.പെണ്‍കുട്ടികളുടെ ഉറ്റബന്ധുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാപള്ളം കല്ലങ്കാട് എം മധു, വി മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് നാലുതലക്കല്‍ ഷിബു, അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപ് കുമാര്‍, എന്നിവരാണ് റിമാന്‍ഡിലുള്ളത്.
ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തിയത് കൂടാതെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതികളെ പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
