കൊച്ചി: കണ്ടൈനറര്‍ ഡ്രൈവര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ കൊച്ചി വല്ലാര്‍പാടം ടെര്‍മിനലിലെ ചരക്ക് നീക്കം സ്തംഭിച്ചു. അധികഭാരം കയറ്റുന്ന വാഹന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. പ്രധാന ഇടപാടുകാര്‍ കരാര്‍ റദ്ദാകുന്ന സാഹചര്യത്തില്‍ ടെര്‍മിനലിന് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കയറ്റുമതി വ്യാപാരികള്‍ അറിയിച്ചു

മോട്ടോര്‍ വാഹന നിയമപ്രകാരം സിംഗില്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 12ഉം ,ഡബിള്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 16ടണ്‍ ഭാരം വഹിച്ച് സംസ്ഥാനങ്ങളിലെ റോഡിലൂടെ ചരക്ക് നീക്കം നടത്താം.പക്ഷേ വസ്ത്രങ്ങളും,ടൈലും,ഭക്ഷണവസ്തുക്കളും ഉള്‍പ്പടെ ശരാശരി കണ്ടൈനറുകളുടെ ഭാരം 20 മുതല്‍ 28 ടണ്‍ വരെയാണ്. ഇത്തരത്തില്‍ അധികഭാരവുമായെത്തുന്ന കണ്ടൈനറുകളുടെ വാഹന ഡ്രൈവര്‍മാര്‍ക്കെതിരെയാണ് ആര്‍ടിഒമാരുടെ നടപടി.എന്നാല്‍ വാഹനത്തിലുള്ള ചരക്കുകളുടെ ഭാരത്തെപ്പറ്റി അറിവില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

ജില്ലാ കളക്ടര്‍ ഇടപെട്ട് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. നിലവില്‍ ബിഎംഎസ് യൂണിയന്‍ മാത്രമാണ് സമരം പ്രഖ്യാപിച്ചതെങ്കിലും മറ്റ് സംഘടനാ തൊഴിലാളികളും ചരക്ക് നീക്കത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കടല്‍ഭക്ഷ്യവസ്തുക്കളുടെ ഉള്‍പ്പടെ പ്രധാനകരാറുകള്‍ വല്ലാര്‍പാടം വിട്ട് തൂത്തുക്കുടിയിലേക്ക് പോയതായി വ്യാപാരികള്‍ പറയുന്നു.ഇത് വഴി കുറഞ്ഞത് 35 കോടി രൂപയുടെ നഷ്ടം ആറ് ദിവസങ്ങളിലായി ടെര്‍മിനലിന് സംഭവിച്ചു. 

സമയനിഷ്ഠ പാലിക്കാതെ കരാര്‍ നഷ്ടപ്പെട്ടാല്‍ ഇവ വീണ്ടും വല്ലാര്‍പാടത്തേക്ക് എത്തിക്കുക ദുഷ്‌ക്കരമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം റോഡ് അപകടങ്ങള്‍ കുറച്ച് കൊണ്ടുവരുന്നതിനായി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം

പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായി. പൊലീസിന്റെ സംരക്ഷണത്തില്‍ ചില പമ്പുകളില്‍ ഇന്ധനം നിറച്ചെങ്കിലും ഇതും രാത്രിയോടെ തീരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

അതിനിടെ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ഐഓസി അധികൃതര്‍ തയ്യാറാകാത്ത പക്ഷം സമരം തുടരാന്‍ തന്നെയാണ് ടാങ്കര്‍ ലോറി ജീവനക്കാരുടെ തീരുമാനം.അതിനാല്‍ വരും ദിവസങ്ങളില്‍ ക്ഷാമം കൂടുതല്‍ രൂക്ഷമാകാന്‍ ആണ് സാധ്യത.