സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മണല്‍ വിതരണം ചെയ്യാനായാണ് വനം വകുപ്പ് കുളത്തുപ്പൂഴയില്‍ വനശ്രീ എന്ന പേരില്‍ മണല്‍ സംഭരണ- വിതരണ കേന്ദ്രം കഴിഞ്ഞ മെയില്‍ തുടങ്ങുന്നത്. ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.

കൊല്ലം: സര്‍ക്കാരിന്‍റെ മണല്‍ സംഭരണകേന്ദ്രമായ വനശ്രീയില്‍ നിന്ന് പൊതുജനങ്ങള്‍ക്കുള്ള മണല്‍ വിതരണം നാളെ തുടങ്ങും. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് വനശ്രീയില്‍ നിന്ന് മണല്‍ വിതരണം നടക്കുന്നത്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മണല്‍ വിതരണം ചെയ്യാനായാണ് വനം വകുപ്പ് കുളത്തുപ്പൂഴയില്‍ വനശ്രീ എന്ന പേരില്‍ മണല്‍ സംഭരണ- വിതരണ കേന്ദ്രം കഴിഞ്ഞ മെയില്‍ തുടങ്ങുന്നത്. കല്ലടയാറിലെ മില്‍പ്പാലം, ചോഴിയക്കോട് കടവുകളില്‍ നിന്ന് വനസംരക്ഷണസമിതി വഴി മണല്‍ വാരി വനശ്രീ കേന്ദ്രത്തില്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ വില നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പും ധനവകുപ്പും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിതരണം വൈകുകയായിരുന്നു. വനംവകുപ്പിനെതിരെ സിപിഎം സമരവും നടത്തി. ഇതിനൊടുവിലാണ് കലവറയില്‍ നിന്നുള്ള മണല്‍ വിതരണം ആരംഭിക്കാന്‍ നടപടിയായത്.

സര്‍ക്കാരിന്‍റെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആനൂകൂല്യം ലഭിച്ചവര്‍ക്കാകും മണല്‍ വിതരണത്തില്‍ പ്രാഥമിക പരിഗണന. ബിപിഎല്‍ വിഭാഗത്തിന് 5 ഘനമീറ്റര്‍ അടങ്ങുന്ന ഒരു ലോഡിന് 12225 രൂപയും എപിഎല്ലുകാര്‍ക്ക് 22,225 രൂപയുമാണ് നിരക്ക്. 500 ലോഡിലേറെ മണല്‍ ഇപ്പോള്‍ വിതരണകേന്ദ്രത്തിലുണ്ട്. ഇതിന്റെ വിതരണം തുടങ്ങിയതിന് ശേഷം കൂടുതല്‍ മണല്‍ കടവുകളില്‍ നിന്ന് ശേഖരിക്കും.