വീട്ടില്‍ നിന്നും വെള്ളിയാഴ്ച പിടിച്ചിറക്കി കൊണ്ടുപോയ ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി

കൊച്ചി: ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. എറണാകുളം വരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയില്‍ മരിച്ചു. വരാപ്പുഴ സ്വദേശി ശ്രീജിത്താണ് ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ ക്ഷതത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരാപ്പുഴയില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിലാണ് 12ആം പ്രതിയാക്കി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ നിന്നും വെള്ളിയാഴ്ച പിടിച്ചിറക്കി കൊണ്ടുപോയ ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇയാളെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചതെന്നും ശസ്‌ത്രക്രിയക്കും ശേഷവും ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മജിസ്‍ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനിലെത്തിയ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും അവശനായ ശ്രീജിത്തിന് വെള്ളം നല്‍കാന്‍ പോലും അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്രീജിത്തിനെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസും ഇയാള്‍ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ശ്രീജിത്തിന്റെ മരണം. എന്നാല്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് വരാപ്പുഴ പൊലീസ്. അസ്വാഭിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കസ്റ്റഡിമരണമാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എറണാകുളം റേ‍ഞ്ച് ഐജി വിജയ് സാക്കറെ അറിയിച്ചു.