സര്‍ക്കാര്‍ ഉത്തരവില്ലാതെ ആര്‍ടിഎഫ് രൂപീകരിച്ചതിന് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും.

കൊച്ചി: വരാപ്പുഴയില്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ക്രൈബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ആലുവ മുന്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജ്. പറവൂര്‍ സിഐ ക്രിസ്‌പിന്‍ സാമിന്റെ ആവശ്യപ്രകാരമാണ് ദേവസ്വം പാടത്തെ ക്രമസമാധാനപാലനത്തിന് കൂടുതല്‍ പൊലീസുകാരെ അയച്ചതെന്നാണ് എ വി ജോര്‍ജിന്റെ മൊഴി. ആര്‍ടിഎഫുകാര്‍ മാത്രമല്ല,കിഴക്കേക്കര,മുനമ്പം എസ്ഐ മാരോടും വരാപ്പുഴയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ആരെയും കസ്റ്റഡിയിലെടുക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും എവി ജോര്‍ജ്ജ് അന്വേഷണ സംഘത്തെ അറിയിച്ചു.

എസ്‌പിയെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാനുള്ള തെളിവുകള്‍ ഇല്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്ലാതെ ആര്‍ടിഎഫ് രൂപീകരിച്ചതിന് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും. ആലുവ ഡിവൈഎസ്‌പി പ്രഫുല ചന്ദ്രനെയും ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ വാസുദേവന്റെ വീടാക്രമണ കേസില്‍ വ്യാജമൊഴി തയ്യാറാക്കിയതിലും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും ഇരുവര്‍ക്കുമെതിരെ അന്വേഷണം തുടരുകയാണ്.

ഇതിനിടെ ആര്‍ടിഎഫിനെതിരായ പരാതിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ കുടുംബത്തിന് വീണ്ടും ഭീഷണി കത്ത് കിട്ടി. സംഭവത്തില്‍ വരാപ്പുഴ പൊലീസ് പറവൂര്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഭാര്യ അഖിലയുടെ ഹര്‍ജി സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നതിനായി ഈ മാസം 11 ലേക്ക് മാറ്റി. കേസിലെ നാലാം പ്രതി എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷയിലും ഹൈക്കോടതി അന്വേഷണ സംഘത്തോട് വിശദീകരണം തേടി.