കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.പാളയം പച്ചക്കറി മാർക്കറ്റിന് സമീപം താമസിക്കുന്ന ബിജു ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജുവിൻ്റെ മരണമാണ് പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ബിജുവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ക്രൂരമായാണ് കൊലപ്പെടുത്തിയത്. ആയുധം ഉപയോഗിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ചില സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ നഗരമധ്യത്തിലെ പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിനാണ് ആഴത്തിൽ മുറിവേറ്റത്. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.
വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നതായാണ് കുടുംബം പറയുന്നത്. ഇതേ തുടർന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ സംശയം. കൊലപാതകം സംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചതായും കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു.
സ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പാളയം പച്ചക്കറി മാർക്കറ്റിലെ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു.


