അന്വേഷണ സംഘം ഫോണിൽ മാത്രമാണ് സംസാരിച്ചതെന്ന് ഡിജിപി ഫയൽ കിട്ടിയാൽ ഉടൻ മറുപടി നൽകുമെന്നും ഡിജിപിയുടെ ഓഫീസ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ ആലുവ മുൻ എസ്.പി. എ.വി ജോർജ്ജിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ നിയമോപദേശം വൈകുന്നതാണ് അന്വേഷണം വഴിമുട്ടിക്കുന്നത്. എന്നാൽ നിയമോപദേശം ബോധപൂർവ്വം വൈകിപ്പിച്ചിട്ടില്ലെന്നും മൂന്ന് ദിവസത്തിനകം മറുപടി നൽകുമെന്നും ഡിജിപി ഓഫീസ് അറിയിച്ചു.
കസ്റ്റഡി കൊലപാതകത്തിൽ ആലുവ മുൻ. എസ്പി എവി ജോർജ്ജിനെതിരെ സ്വീകരിക്കേണ്ട തുടർനടപടിയിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ക്രൈംബ്രാഞ്ച് സംഘം ഡിജിപി യോട് നിയമോപദേശം തേടിയത്. ആർ.ടിഎഫ് രൂപീകരിച്ചതിലും അവരെ വഴിവിട്ട് സഹായിച്ചതിലും മുൻ എസ്പിയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തുകയും വകുപ്പ് തല നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് ഇടപെട്ടതിന് തെളിവ് തെളിവില്ല. ഈ സാഹചര്യത്തിൽ ജോജ്ജിനെ ക്രമിനിൽ കേസിൽ പ്രതിയാക്കേണ്ടതുണ്ടോ എന്നതിലാണ് നിയമോപദേശം തേടിയത്.
കഴിഞ്ഞമാസം പതിനേഴിനാണ് ക്രൈംബ്രാഞ്ച് രേഖമൂലം ഡിജിപി ഓഫീസിനെ സമീപിച്ചത്. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും നിയമോപദേശം കിട്ടാത്തതിനാൽ അന്വേഷണം നിലച്ച മട്ടാണ്. നിയമോപദേശം തേടികൊണ്ടുള്ള ഫയൽ ഓഫീസിൽ ലഭിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം ഫയൽ പഠിച്ച് മറുപടി നൽകുമെന്നും ഡിജിപി ഓഫീസ് വ്യക്തമാക്കുന്നു.
എടപ്പാൾ പീഡനകേസ് അടക്കം നിരവധി കേസുകളിൽ മറുപടി നൽകേണ്ടതിനാലാണ് വരാപ്പുഴ നിയമോപദേശം വൈകിയതെന്നും ബോധപൂർവ്വമായ വൈകിപ്പിക്കൽ ഉണ്ടായിട്ടില്ലെന്നും ഡിജിപി ഓഫീസ് വിശദീകരിക്കുന്നുണ്ട്. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതവരെ എസ്പിയെ പ്രതി ചേർക്കാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു.
