വരാപ്പുഴ കസ്റ്റഡി മരണം: പോലീസിന് നാണക്കേടായി കൈക്കൂലിയും

കൊച്ചി: വരാപ്പുഴ കസ്റ്റഡികൊലപാതകത്തില്‍ പോലീസിന് നാണക്കേടായി കൈക്കൂലിയും. കസ്റ്റഡയിൽ ക്രൂര മർദ്ദനത്തിനിരയായ ശ്രജീത്തിനെ മോചിപ്പിക്കാൻ കൈക്കൂലിവാങ്ങിയ പോലീസ് ഡ്രൈവറെ സസ്പെന്‍റ് ചെയ്തു. കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനും കേസില്‍ നിന്നും രക്ഷപെടുത്താനും പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്‍റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം ഉയര്‍ന്നത്. 

ഇടനിലക്കാരന്‍ വഴി 15000 രൂപ നല്‍കിയതായി ശ്രീജിത്തിന്‍റെ ഭാര്യാപിതാവ് ക്രൈംബ്രാ‍ഞ്ച് സംഘത്തിന് മൊഴി നല്‍കി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു കൈക്കൂലി നല്‍കിയത്. സിഐയ്ക്ക് കൈമാറുമെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.

ശ്രീജിത്ത് മരിച്ച ശേഷം ഭാര്യാ പിതാവ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് അഭിഭാഷകന്‍ അറിഞ്ഞതോടെ പൊലീസ് ഡ്രൈവറെ വിളിച്ചു. അയാള്‍ പണം മടക്കി നല്‍കി. ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റൂറല്‍ എസ്പി പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറിനെ സസ്പന്‍റ് ചെയ്തത്. കേസില്‍ ഇയാളെ പ്രതിയാക്കിയേക്കും. അതിനിടെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില് നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. 

ഏപ്രിൽ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോൾ വരാപ്പുഴ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാ‌ഞ്ച് കേസിൽ പ്രതി ചേർത്ത് കോടതിയിൽ റിപ്പേോർട്ട് നൽകിയത്. ഗ്രേഡ് എഎസ്ഐമാരായ ജയാനന്ദൻ, സന്തോഷ്, സിപിഒ മാരായ ശ്രീരാജ് , സുനിൽ കുമാർ എന്നിവരാണിവർ. അന്യായമായ തടങ്കലിന് കൂട്ടുനിന്നു എന്നതാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റം. എന്നാൽ കസറ്റഡി മർദ്ദനത്തിൽ ഇവർ ഉൾപ്പെട്ടിട്ടിലാത്തതിനാൽ കൊലക്കുറ്റം ഇവർക്കെതിരെ ചുമത്തിയിട്ടില്ല. പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.