Asianet News MalayalamAsianet News Malayalam

വര്‍ദ്ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആഞ്ഞുവീശും; തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ജാഗ്രത

vardha to reach today
Author
First Published Dec 12, 2016, 3:50 AM IST

ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കനത്ത മഴയും നാശനഷ്‌ടങ്ങളുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളോട് പുറത്തിറങ്ങരുതെന്നും അറിയിപ്പ് ലഭിച്ചാല്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് പോകാന്‍ തയ്യാറാകണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാദ ചുഴലിക്കാറ്റിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജിച്ച വര്‍ദ്ധ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ് തമിഴ്നാട്, ആന്ധ്രാ തീരങ്ങള്‍. ശക്തമായ ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ പെടുത്തിയ വര്‍ദ്ധ ഇപ്പോള്‍ മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് തീരത്തോടടുക്കുന്നത്. കണക്കുകൂട്ടലനുസരിച്ച് ഇന്ന് ഉച്ചയോടെ വര്‍ദ്ധ ചെന്നൈയ്‌ക്കും നെല്ലൂരിനുമിടയിലുള്ള പ്രദേശങ്ങളില്‍ തീരം തൊടുമെന്നാണ് കരുതപ്പെടുന്നത്. തീരം തൊടുമ്പോള്‍ കാറ്റിന്റെ വേഗം 100 കിലോമീറ്റ‍ര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വര്‍ദ്ധയുടെ പ്രഭാവത്താല്‍ തമിഴ്നാടിന്റഎ തീരപ്രദേശങ്ങളിലും ആന്ധ്രയിലെ നെല്ലൂര്‍, പ്രകാശം എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് മുതല്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ആന്ധ്രയില്‍ വീശിയടിയ്‌ക്കുമെന്ന് കരുതപ്പെട്ടിരുന്ന വര്‍ദ്ധ ചുഴലിക്കാറ്റ് വടക്കുനിന്നുള്ള ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ദിശ മാറി ചെന്നൈ തീരത്തിനടുത്തെത്തിയത്. ചുഴലിക്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിളുപുരം എന്നീ തീരദേശജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്നും, തീരദേശ മേഖലകളിലുള്ളവര്‍ അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ പുനരധിവാസ കേന്ദ്രങ്ങളിലേയ്‌ക്ക് പോകാന്‍ തയ്യാറായി ഇരിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios