വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം യുവതിക്ക് തഞ്ചാവൂരില്‍ തന്നെ വീട് നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധമാണെന്നറിയിച്ച് ദോഹയിലെ ഒരു സ്ഥാപന ഉടമ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചിരുന്നു. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്ന യുവതിക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ക്വളിറ്റി ഗ്രൂപ് ഇന്റര്‍നാഷണല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവര്‍ക്കുള്ള വിമാന ടിക്കറ്റും മറ്റ് സാമ്പത്തിക സഹായങ്ങളും ക്വളിറ്റി ഗ്രൂപ് നല്‍കും. യുവതിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ടത്. ഇവരുടെ പേരില്‍ നാട്ടില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏഴു വര്‍ഷം മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്കൊപ്പം ദുരിത ജീവിതം നയിച്ച യുവതി നാട്ടില്‍ പോയി മടങ്ങിയെത്തിയ ശേഷം വിസയോ മറ്റ് രേഖകളോ ഇല്ലാതെ വീട്ടുജോലി ചെയ്തു കുടുംബം പുലര്‍ത്തുകയായിരുന്നു. രോഗിയായ അമ്മയും മൂന്നു പെണ്‍മക്കളുമാണ് യുവതിക്കുള്ളത്. ഇതിനിടെ അമ്മയുടെ ഓപ്പറേഷന് വേണ്ടി സ്വരുക്കൂട്ടിയ ഒന്നര ലക്ഷം രൂപയുമായി കടന്നുകളഞ്ഞ മലയാളിയെ ഇതുവരെ കണ്ടെത്താനായില്ല. പൊതുമാപ്പ് പ്രഖ്യാപിച്ചതറിഞ്ഞു സോഷ്യല്‍ ഫോറം ഹെല്‍പ് ഡെസ്കിലെത്തിയ യുവതിയെ നാട്ടിലേക്കയക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.
