ഹര്‍ജികളില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്
കൊച്ചി: ശബരിമലയിലെ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജികളില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
പ്രതിഷേധക്കാരുടെ താവളമാക്കി നടപ്പന്തല്‍ മാറ്റാതിരിക്കാനാണ് അവിടെ വിരിവയ്ക്കാന്‍ അനുവദിക്കാത്തതെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. പ്രളയാനന്തരം ശബരിമലയിലൊരുക്കിയ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡും വിശദമാക്കിയിരുന്നു.
സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് ദേവസ്വം ബഞ്ച് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്നമുണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.
യഥാർത്ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയും ഇതുവരെ എത്തിയിട്ടില്ല. നടപ്പന്തലിൽ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭക്തർ കിടക്കാതിരിക്കാനാണ് നടപ്പന്തലിൽ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്. മുൻപും വെള്ളമൊഴിച്ച് കഴുകിയെന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
നടപ്പന്തലിൽ വിരിവയ്ക്കാൻ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലം നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാൻ ആവില്ല എന്നത് കൊണ്ടാണ്. ഇവിടെ പ്രശ്നമുണ്ടായാൽ എല്ലാ വഴികളും അടയും. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് സർക്കാർ അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
