ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇപ്പോള്‍ തിരിച്ചയക്കരുതെന്ന നിലപാടുമായി ബിജെപി എംപി വരുണ്‍ഗാന്ധി രംഗത്ത്. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന റോഹിങ്ക്യകളോട് മനുഷ്യത്വപൂര്‍ണമായ സമീപനം വേണമെന്ന് ചൂണ്ടിക്കാട്ടി ഒരു ഹിന്ദി ദിനപത്രത്തില്‍ വരുണ്‍ഗാന്ധി എഴുതിയ ലേഖനമാണ് വിവാദമായത്. മ്യാന്‍മറിലെ കലാപം ഭയന്നാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തിയത്. അവരെ ഇപ്പോള്‍ തിരിച്ചയക്കരുതെന്ന് ലേഖനത്തിലൂടെ ബി.ജെ.പി എം.പികൂടിയായ വരുണ്‍ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം, വരുണ്‍ഗാന്ധിയുടെ ലേഖനം രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. ഒരു ദേശീയ വാദിക്കും വരുണ്‍ഗാന്ധിയെ പോലെ നിലപാടെടുക്കാന്‍ ആകില്ല എന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ഇന്ത്യയിലുള്ള മുഴുവന്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും തിരിച്ചയക്കണം എന്നാണ് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ തീവ്രവാദികളുണ്ടെന്നും അവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ നിലപാട് തള്ളി വരുണ്‍ഗാന്ധി രംഗത്തെത്തിയത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഇപ്പോള്‍ കണ്ണൂനീര്‍ പൊഴിക്കുന്ന മുസ്ളീം സംഘനകള്‍ ബംഗ്ളാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടിയോ, പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയോ അത് ചെയ്തിട്ടില്ല ബംഗ്ളാദേശി എഴുത്തുകാരി തസ്ളീമ നസ്രീന്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് ഇവരുടെ കണ്ണുനീര്‍ ജിഹാദി കണ്ണുനീരാണെന്നും തസ്ളീമ പറഞ്ഞു.