അഭിമന്യൂവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ക്കെത്തിയത് ആയിരങ്ങള്‍ കുടുംബത്തെ സമാധാനിപ്പിക്കാനാകാതെ ഗ്രാമം

ഇടുക്കി: അഭിമന്യൂവിന്റെ വേര്‍പാട് ഇനിയും വട്ടവടയിലെ കൊട്ടക്കമ്പൂര്‍ ഗ്രാമം ഉള്‍ക്കൊണ്ടിട്ടില്ല. ആ നാടിന്റെ പ്രതീക്ഷയും അഭിമാനവും സ്‌നേഹവും ഏറ്റുവാങ്ങിയാണ് ഓരോ തവണയും അഭിമന്യൂ മടങ്ങിയത്. ഇനി വരാത്ത മടക്കമായിരുന്നു ഇപ്രാവശ്യത്തേതെന്ന് അവരാരും ഓര്‍ത്തുകാണില്ല.

അഭിമന്യൂൂവിന്റെ അമ്മ ഭൂപതിയേയും അച്ഛന്‍ മനോഹരനേയും സഹോദരി കൗസല്യയേയുമൊക്കെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ മരവിച്ചിരിക്കുകയാണ് ഗ്രാമം മുഴുവനും. സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ വന്‍ ജനാവലി തന്നെയാണ് അഭിമന്യൂ ആ നാടിന് ആരായിരുന്നു എന്ന് തെളിയിച്ചത്. 

പ്ലസ് ടുവിന് നല്ല മാര്‍ക്ക് നേടിയ അഭിമന്യൂ സ്വന്തം താല്‍പര്യപ്രകാരമാണ് പഠനത്തിനായി മഹാരാജാസ് കോളേജ് തെരഞ്ഞെടുത്തത്. ഇതേ ആത്മവിശ്വാസത്തോടെയാണ് കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അഭിമന്യൂ ഇറങ്ങിയത്. അമ്മയും അച്ഛനും കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് വയ്ക്കുന്ന പണമാണ് അഭിമന്യൂവിന്റെ പഠനച്ചെലവുകള്‍ക്കായി ഉപയോഗിച്ചത്. 

ജോലി കിട്ടിയ ശേഷം കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടുകള്‍ക്കും അറുതിയാകുമെന്ന് കൂടെക്കൂടെ പറഞ്ഞാണ് അഭിമന്യൂ വീട്ടുകാരെ സമാധാനപ്പെടുത്തിയിരുന്നത്. ആ താങ്ങ് ഇനി ഉണ്ടാകില്ലെന്ന തിരിച്ചറിവിന്റെ ഞെട്ടലില്‍ തന്നെയാണ് അഭിമന്യുവിന്റെ കുടുംബവും ഗ്രാമവും.