കര്‍ക്കിടക വാവുദിനം, പ്ലാസ്റ്റിക് മുക്ത ദിനമായിക്കൂടി ആചരിക്കുകയാണ് അരുവിക്കര ഗ്രാമപഞ്ചായത്ത്. ബലിതര്‍പ്പണത്തിന് എത്തിയ വിശ്വാസികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം വിളമ്പി, പ്ലാസ്റ്റിക്കിനെതിരായ നടപടികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു.
നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അരുവിക്കര ഗ്രാമപഞ്ചായത്ത്. ആവശ്യം കഴിഞ്ഞ്, ഭൂമിക്ക് ഭാരമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഇനി വേണ്ടെന്നാണ് പഞ്ചായത്തിന്റെ തീരുമാനം. കര്‍ക്കിടക വാവുബലിക്കായി പതിനായിരങ്ങള്‍ എത്തുന്ന ദിനമാണ് ഇതിനായി സംഘാടകര്‍ തെരഞ്ഞെടുത്തത്. ബലിതര്‍പ്പണത്തിനെത്തിയ ആയിരങ്ങള്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കിയതിനൊപ്പം, പ്ലാസ്റ്റിക് തീര്‍ത്തും ഒഴിവാക്കുകയും ചെയ്തു. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയത് സ്റ്റീല്‍ പാത്രങ്ങളില്‍.
പ്ലാസ്റ്റിക് നിരോധനത്തിലേക്കുള്ള ഗ്രാമപഞ്ചായത്തിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇത്. ഓണത്തോട് അനുബന്ധിച്ച്, അരുവിക്കര ഗ്രാമപഞ്ചായത്തിലാകെ പ്ലാസ്റ്റിക് നിരോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫ്ലക്‌സ് ബോര്‍ഡുകളടക്കം അനുവദിക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ തീരുമാനം.
