തിരുവനന്തപുരം: കേരളാ സര്‍വകലാശാലാ ക്യാമ്പസിന് വൈസ് ചാന്‍സിലര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ നടപടി എടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ നടത്തിവന്നിരുന്ന സമരം ഇന്നലെ ഒത്തു തീര്‍പ്പായിരുന്നു. എന്നാല്‍ പരിഹരിച്ച ഈ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വി.സി അവധി പ്രഖ്യാപിച്ചത്.

അധ്യാപക നിയമനത്തിലെ അഴിമതിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടയിലാണ് അവധി. സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇന്ന് എസ്.എഫ്‌.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മാര്‍ച്ചില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. ഉന്തും തള്ളും രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചത് സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കി.