ദില്ലി: കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തിന്‍റെ അംഗീകാരം കേന്ദ്രം റദ്ദാക്കി. വീക്ഷണം ദിനപത്രം പ്രസിദ്ധീകരിക്കുന്ന കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്‍റെ നടപടി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ചാണ് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്.

കൂടാതെ വീക്ഷണത്തിന്റെ ഡയറക്ടര്‍മാരായ ആറുപേരെ കേന്ദ്രം അയോഗ്യരുമാക്കി. പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും അടക്കമുളളവരെയാണ് അയോഗ്യരാക്കിയത്. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഒരു ലക്ഷത്തോളം പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുകയും ചെയ്തു.