കർണാടകത്തിൽ തൂക്കുസഭ വരുമെന്നും ജനതാദൾ എസിന്റെ നിലപാട് നിർണ്ണായകമാകുമെന്നും സർവ്വേ ഫലങ്ങൾ പുറത്ത് വന്നിരുന്നു.
മംഗലാപുരം: കർണാടകയിൽ ജനതാദൾ എസുമായി ചേർന്ന് സർക്കാറുണ്ടാക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്‌ലി. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന മല്ലികാജുൻ കർഖെയുടെ നിലപാടിനെ തള്ളി സിദ്ധാരാമയ്യതന്നെ ആയിരിക്കും നേതാവെന്നും വ്യക്തമാക്കി.
കർണാടകത്തിൽ തൂക്കുസഭ വരുമെന്നും ജനതാദൾ എസിന്റെ നിലപാട് നിർണ്ണായകമാകുമെന്നും സർവ്വേ ഫലങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ജെ.ഡി.എസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് അധികാരത്തിലെത്തുമെന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്.
സംസ്ഥാനത്തെ ജനവികാരം ബി.ജെ.പിക്കും ജെ.ഡി.എസിനും എതിരാണ്. അടുത്ത സർക്കാറിനും സിദ്ധാരാമയ്യതന്നെ നേതൃത്വം നൽകുമെന്നും വീരപ്പമൊയ്‌ലി വ്യക്തമാക്കി.പാർട്ടി ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മല്ലികാർജുൻ കർഗെ പറഞ്ഞിരുന്നു. അടുത്ത സർക്കാറിനേയും താൻ തന്നെ നയിക്കുമെന്നായിരുന്നു സിദ്ധാരാമയ്യയുടെ മറുപടി. പരോക്ഷമായി സിദ്ധാരാമയ്യയെ പിന്തുണയ്ക്കുന്നതാണ് വീരപ്പ മൊയ്ലിയുടെ വാക്കുകൾ. സീറ്റ് വിഭജനത്തെ തുടർന്നുണ്ടായ തർക്കങ്ങൾ പാർട്ടിയെ ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
