ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയായ ചെന്നൈ കോയമ്പേട് മാര്‍ക്കറ്റിലെ മൊത്തവ്യാപാരം കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ അന്‍പത് ശതമാനം ഇടിഞ്ഞുവെന്ന് വ്യാപാരികള്‍ പറയുന്നു. അന്നന്നേയ്ക്കുള്ള പച്ചക്കറികള്‍ ചന്തയിലെത്തിച്ച് വില്‍ക്കുന്ന തെരുവ് കച്ചവടക്കാര്‍ക്ക് കഴിഞ്ഞ പത്ത് ദിവസമായി വരുമാനമില്ല.

ഭാരതിയെപ്പോലെ ചെന്നൈ കോയമ്പേട്ടിലെ ഈ വലിയ ചന്തയില്‍ ചെറിയ കച്ചവടം നടത്തി ദൈനംദിനവരുമാനം കണ്ടെത്തുന്ന ആയിരക്കണക്കിന് തെരുവുകച്ചവടക്കാരുടെ അന്നം മുട്ടിയ അവസ്ഥയാണ്. കടയുടെ വാടക കഴിച്ച് ഒരു രൂപ പോലും ലാഭമില്ലാതെയാണ് ഭാരതി വീട്ടിലേയ്ക്ക് മടങ്ങുന്നത്. ചെറുകിട കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങി സംഭരിയ്ക്കുന്ന മൊത്തവ്യാപാരികളും പ്രതിസന്ധിയിലാണ്.

വാരാന്ത്യങ്ങളില്‍ വലിയ തിരക്കുണ്ടാവാറുള്ള പച്ചക്കറിമാര്‍ക്കറ്റിലെ ചില്ലറവ്യാപാരച്ചന്തയിലും തിരക്കേയില്ല. ആഴ്ചയ്ക്ക് വേണ്ട പച്ചക്കറി മുഴുവന്‍ വാങ്ങാനെത്താറുള്ളവരില്‍ പലരും ചില്ലറയില്ലാതെ മടങ്ങുകയാണ്. കോയമ്പേട്ടിലെ പൂച്ചന്തയിലും പഴച്ചന്തയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതേ സ്ഥിതി അടുത്ത രണ്ട് മാസം കൂടി തുടര്‍ന്നാല്‍ അത് തമിഴ്‌നാട്ടിലെ കാര്‍ഷികരംഗത്തെത്തന്നെ ഗുരുതരമായി ബാധിയ്ക്കുമെന്നുറപ്പ്.