മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്ക്ക് എന്ന പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്തു

പൂനെ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്ക്ക് എന്ന പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്തു. കാരണം വൈദ്യുതി വകുപ്പിന്‍റെ അനാസ്ഥയും. 8.64 ലക്ഷം രൂപ വൈദ്യുതി ബില്‍ വന്നതിനെ തുടര്‍ന്ന് ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. 8,64,781 രൂപയാണ് ജഗന്നാഥിന് ബില്ല് വന്നത്.

തകരം മേഞ്ഞ രണ്ട് മുറി വീട്ടില്‍ 55,519 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുവെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് 17നകം ഈ തുക അടച്ചില്ലെങ്കില്‍ പിഴയടക്കം 8,75,830 ആണ് ഒടുക്കേണ്ടി വരിക. അതേസമയം, മീറ്റര്‍ റീഡിംഗ് തെറ്റായി രേഖപ്പെടുത്തിയതാണ് ഇത്തരത്തിലൊരു ബില്‍ വരാന്‍ കാരണമെന്ന് മഹാരാഷ്ട്രാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി വ്യക്തമാക്കി.

തെറ്റായി കണക്കു കൂട്ടിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 6117.8 കിലോവാട്ട് റീഡിംഗിന് പകരം 61178 കിലോവാട്ട് റീഡിംഗ് രേഖപ്പെടുത്തിയതാണ് പിഴവിന് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.