കണ്ണൂര്‍: കണ്ണൂര്‍ കാസര്‍ക്കോഡ് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമോഷണസംഘത്തിലെ പ്രധാനി പിടിയിലായി, വടക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നും മോഷ്‌ടിച്ച വാഹനങ്ങള്‍ രൂപം മാറ്റി വില്പ്പനനടത്തുന്ന സംഘത്തിലെ ലാല കബീര്‍ എന്ന അഹമ്മദ് കബീറാണ് പോലീസിന്റെ പിടിയിലായത്.
കാസര്‍കോഡ് ബേക്കല്‍സ്വദേശിയാണ് കബീര്‍, കണ്ണൂര്‍ തളാപ്പില്‍ വച്ച് മോഷ്‌ടിച്ച ട്രാവലര്‍ വാനുമായാണ് കഴിഞ്ഞദിവസം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് , കോഴിക്കോട് വേങ്ങേരിയില്‍നിന്നും കഴിഞ്ഞമാസം മോഷണംപോയ വാഹനമാണിത്. മോഷ്‌ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി സ്റ്റിക്കര്‍ പതിച്ച് മറ്റുജില്ലകളിലേക്കും സംസ്ഥാനത്തിനുപുറത്തേക്കും വില്‍പ്പനയ്‌ക്കായി കടത്താന്‍ യുവാക്കളടക്കമുള്ള സംഘം പ്രതിയുടെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവര്‍ വ്യാജ രേഖകളുണ്ടാക്കി വില്‍പ്പന നടത്തിയ വാഹനങ്ങള്‍ വിവധയിടങ്ങളിലായി ഇപ്പോഴും ഓടുന്നുണ്ട്, ഇത്തരത്തില്‍ നാല് വാഹനങ്ങള്‍ പോലീസ് ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു, ചില വാഹനങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനാല്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിക്കുമെന്നാണ് സൂചന.
പിടിയിലായ കബീര്‍ മുമ്പും വിവിധ കേസുകളില്‍ പ്രതിയാണ്, കണ്ണൂര്‍ ഡിവൈഎസ്‌പി പിപി സദാനന്ദന്‍റെ നേതൃത്ത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡാണ് പ്രതിയെ വലയിലാക്കിയത്, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
