പത്തനംതിട്ട: കറവപ്പശുക്കളുമായി പോയ വാഹനം പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞു. ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കീഴ്വായ്പ്പൂര്‍ പൊലീസ് കേസെടുത്തു. പത്തനംതിട്ട എഴുമറ്റൂരില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് തടഞ്ഞത്. മൂന്ന് പശുക്കളാണ് വണ്ടിയിലുണ്ടായിരുന്നത്.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം വാഹനം തടഞ്ഞത്. പശുക്കളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചായിരുന്നു തടയല്‍. ഡ്രൈവര്‍ എഴുമറ്റൂര്‍ സ്വദേശി അനസിനെ ഭീഷണിപ്പെടുത്തിയ ഇവര്‍ വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു.

രണ്ട് പശുക്കളെ വാഹനത്തില്‍നിന്ന് ഇറക്കിയശേഷം ഇവര്‍ മടങ്ങി. തൊട്ടുപിന്നാലെ കീഴ്വായ്പ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി അനസ് പരാതി നല്‍കുകയായിരുന്നു.വാഹനം തടഞ്ഞവരെ അറിയില്ലെന്നാണ് അനസ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.