കൊല്ലം: സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂമി തട്ടിപ്പ് കേസിലും വിജിലൻസ് അട്ടിമറി. നൂറുകോടി രൂപ വിലമതിക്കുന്ന കൊല്ലം വെളിയത്തെ നന്ദാവനം റബർ എസ്റ്റേറ്റാണ് സ്വകാര്യ വ്യക്തികൾ മുറിച്ചുവിറ്റത്. അന്വേഷണം തുടങ്ങി രണ്ടുവർഷമായിട്ടും പരാതിക്കാരന്റെ മൊഴി പോലുമെടുത്തില്ല. വെളിയത്തെ 148 ഏക്കർ സർക്കാർ ഭൂമി, സ്വകാര്വ വ്ക്തികൾ തുണ്ടുതുണ്ടായി മുറിച്ചുവിറ്റ റബർ പ്ലാന്റേഷൻ തിരിച്ചുപിടിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ട് ഒന്നരവർഷം കഴിഞ്ഞു. ഒരു വിജിലൻസ് കേസ് എങ്ങനെ അട്ടിമറിക്കണെം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം
ഒരൊറ്റ സർവേ നമ്പരിലായി 148 ഏക്കർ. റബർ കൃഷിക്ക് മാത്രമെന്ന പേരിൽ വെളിയത്തെ മാലയിൽ മലപ്പത്തൂരിൽ നന്ദാവനം എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി. എന്നാൽ വ്യാജ പ്രമാണങ്ങളുണ്ടാക്കി നൂറുകോടി രൂപ വിലമതിക്കുന്ന ഭൂമി സ്വകാര്യ കന്പനി മറിച്ചുവിറ്റെന്നായിരുന്നു വിജിലൻസിന്റ് 2016ലെ ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ട്. നന്ദാവനം എസ്റ്റേറ്റ് കമ്പനി ഉടമകളും ഡപ്യൂട്ടി കലക്ടർ അടക്കം റവന്യൂ, രജിസ്ട്രേഷൻ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും കുറ്റക്കാരെന്നായിരുന്നു കണ്ടെത്തൽ. ഈ വിജിലൻസ് റിപ്പോർട്ടിലെ ശുപാർശകൾ ഇതായിരുന്നു.
1 ഭൂമി തിരിച്ചുപിടിക്കാൻ അടിയന്തര നടപടി വേണം
2 ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ജില്ലക്ക് പുറത്തേക്ക് മാറ്റണം.
3 ഈ ഭൂമിയിൽ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുന്നതും സർക്കാർ സഹായം നൽകുന്നതും നിർത്തിവയ്ക്കണം.
4 ഇവിടെ നിർമാണത്തിനും പാറക്വാറികൾക്കും ലൈസൻസ് നൽകുന്നത് നിർത്തണം.
5 സർക്കാർ ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയതിന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം
പക്ഷേ പ്രാഥമിക റിപ്പോർട്ടിൽ ഒന്നും സംഭവിച്ചില്ല. ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ട് പൊടിപിടിച്ചുകിടന്നത് 12 മാസം. ഒടുവിൽ പരിസ്ഥിതിപ്രവർത്തകരുടെ പ്രതിഷേധം വിജിലൻസ് ആസ്ഥാനത്തേക്കെന്നറിഞ്ഞ് എഫ് ഐ ആറിട്ടു. അതും ഒരുവർഷം കഴിഞ്ഞ് 2017 നവംബറിൽ. എല്ലാം അവിടെത്തീർന്നു. അന്വേഷണം നിലച്ചു. പരാതിക്കാരായ പരിസ്ഥിതി സംഘടനയുടെ മൊഴി പോലും നാളിതുവരെയെടുത്തിട്ടില്ല.
പാട്ടഭൂമി സർക്കാർ ഭൂമി തന്നെയെന്ന് തെളിയിക്കാൻ ഒരുപാട് പണിയുണ്ടെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ ന്യായം. അന്വേഷണം തീരണമെങ്കിൽ ഇനിയും ഒരു പാട് കാലമെടുക്കും. അതേസമയം മുറിച്ചുവിറ്റ സർക്കാരിന്റെ പാട്ടഭൂമിയിൽ സ്വകാര്യവ്യക്തികൾ ഇപ്പോൾ പുതുപുത്തൻ കോളജ് പണിയുന്നുണ്ട്. ക്രഷറുകളും ക്വാറികളും സജീവം. വർഷങ്ങൾ പഴക്കമുളള വൻ മരങ്ങൾ ഇവിടെ കാണാനേയില്ല. മയിലുകളുടെ ആവാസകേന്ദ്രമായ മലപ്പത്തൂരിൽ അവയുടെ എണ്ണം കുറഞ്ഞുവരുന്നു. സർക്കാർ ഭൂമിയുടെ പേരിൽ ബാങ്കുകൾ കോടികൾ ഭൂമി കൈവശപ്പെടുത്തിയവർക്ക് ലോണനുവദിക്കുന്നു. എല്ലാ കണ്ട് വിജിലൻസ് അന്വേഷണം തുടരുന്നെന്ന് അവകാശപ്പെടുന്നു.
