2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള എംബിബിഎസ് സീറ്റുകളുടെ എണ്ണവും മറ്റുവിവരങ്ങളും നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) പുറത്തുവിട്ടു. ഇത്തവണ എംബിബിഎസിന് 9911 സീറ്റുകളുടെ വർധനവുണ്ട്. ഇതോടെ രാജ്യത്തെ 823 മെഡിക്കൽ കോളേജുകളിലായി ആകെ സീറ്റുകളുടെ എണ്ണം 1,36,939 ആയി.

ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള എംബിബിഎസ് സീറ്റുകളുടെ എണ്ണവും മറ്റുവിവരങ്ങളും നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) പുറത്തുവിട്ടു. ഇത്തവണ എംബിബിഎസിന് 9911 സീറ്റുകളുടെ വർധനവുണ്ട്. ഇതോടെ രാജ്യത്തെ 823 മെഡിക്കൽ കോളേജുകളിലായി ആകെ സീറ്റുകളുടെ എണ്ണം 1,36,939 ആയി. അതേസമയം, പാർലമെന്റ് നിയമങ്ങളിലൂടെ സ്ഥാപിതമായ എയിംസ്, ജിപ്മെർ പോലെയുള്ള സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം ഇതിൽ ഉൾപ്പെടില്ല.

എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണ വൻ വർധനവാണുള്ളത്. പുതിയ മെഡിക്കൽ കോളേജുകൾക്ക് അം​ഗീകാരം നൽകിയതും നിലവിലെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ചതുമാണ് 9911 സീറ്റുകൾ വർധിക്കാൻ കാരണമായത്.

കർണാടകയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ സീറ്റുകൾ വർധിച്ചത്- 1300. ഇതോടെ കർണാടകയിലെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 15395 ആയി. തമിഴ്നാട്ടിൽ ഇത്തവണ 950 പുതിയ സീറ്റുകളുണ്ട്. ഇതോടെ തമിഴ്നാട്ടിലെ ആകെ സീറ്റുകൾ 13999 ആയി. രാജസ്ഥാനിൽ 900 സീറ്റുകളും കൂടി.

കേരളത്തിൽ 250 എംബിബിഎസ് സീറ്റുകളാണ് വർധിച്ചിട്ടുള്ളത്. ഈ സീറ്റുകളെല്ലാം സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ്. ഇതോടെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലായി ആകെ 5704 എംബിബിഎസ് സീറ്റുകളിലേക്കാവും ഇത്തവണ കേരളത്തിൽ പ്രവേശനം.

അം​ഗീകാരം കിട്ടിയ നിശ്ചിത സീറ്റുകളിൽ മാത്രമേ പ്രവേശനം നടത്താവൂ എന്ന് എൻഎംസി മെഡിക്കൽ കോളേജുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാൽ 2019-ലെ നാഷണൽ മെഡിക്കൽ ആക്ടിന്റെ ലംഘനമാകുമെന്നും കർശന നിയമനടപടികളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.