ഇരുട്ടിൽ തപ്പി 30 അംഗ അന്വേക്ഷണ സംഘം 

വയനാട്: വെള്ളമുണ്ട കണ്ടത്തുവയലിൽ നവദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. മോഷണത്തിനാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ കൊലപാതകമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ് 30 അംഗ അന്വേക്ഷണ സംഘം ഇപ്പോഴും. ജൂലൈ ആറിന് രാവിലെയാണ് കണ്ടത്തുവയൽ പന്ത്രണ്ടാംമൈലില്‍ പൊയിലില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19) എന്നിവരെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവം നടന്ന് പതിനാറ് ദിവസം പിന്നിടുമ്പോഴും കൃത്യം നടത്തിയവരിലേക്കെത്താൻ പൊലീസിനായിട്ടില്ല. വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടവെയായിരുന്നു നാടിനെ നടുക്കിയ അതിദാരുണ കൊലപാതകം. സാധാരണ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ കഴിയാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. 

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസ് ആദ്യം പറഞ്ഞതെങ്കിലും ഇതിന് തക്കതായ തെളിവ് കണ്ടെത്താൻ അവർക്കായില്ല. ഫാത്തിമ അണിഞ്ഞിരുന്ന മോതിരവും ഉമ്മറിന്റെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും നഷ്ടപ്പെടാത്തതാണ് ഈ നിലക്കുള്ള അന്വേഷണത്തിനിടെ പൊലീസിന് മുന്നിൽ ചോദ്യചിഹ്നമായത്. ഏറെ ആസുത്രിതമായിരുന്നു കൊലപാതകമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും പ്രദേശത്ത് കൂടെ കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. പക്ഷേ പുരോഗതിയുണ്ടായില്ല.

അതേ സമയം മോഷണശ്രമത്തിനിടെ തന്നെയായിരുന്നു കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീലീസ് വീണ്ടുമെത്തിയിരിക്കുന്നത്. ഈ നിലയിൽ അയൽജില്ലകളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിൽ പതിഞ്ഞ കാലടിയും വിരലടയാളവുമാണ് ആകെ കിട്ടിയ തെളിവുകൾ. ഇത് വെച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിനകം തന്നെ നിരവധി പേരുടെ വിരലടയാളം ശേഖരിക്കുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു കഴിഞ്ഞു. 

സാമ്പത്തിക ലക്ഷ്യമില്ലാതെ കൊലപാതകത്തിലേക്ക് നയിച്ച കാരണവും പോലീസ് തേടിയിരുന്നു. സംഘടന തലത്തിലോ മറ്റോ ഈ കുടുംബത്തോട് വൈരാഗ്യം
പുലർത്തിയിരുന്നവരുണ്ടോ എന്നാണ് അന്വേക്ഷിച്ചത്. എന്നാൽ ആ വഴിയും അടയുകയായിരുന്നു. പൊലീലീസിന് ഒന്നും കൃത്യമായി പറയാനാകാത്തത് പ്രദേശവാസികളിൽ ആശങ്കയുണർത്തിയിട്ടുണ്ട്. അതേ സമയം സംഭവത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയോ മറ്റോ അനാവശ്യ ഭീതി പ്രചരിപ്പിക്കരുതെന്ന കർശന നിർദേശം പോലീസ് നൽകിയിട്ടുണ്ട്.

അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിൽ വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽ 23ന് യു.ഡി.ഫ് ഹർത്താൽ പ്രഖ്യാപിച്ചു. കാര്യക്ഷമമായ അന്വേഷണമില്ലെങ്കിൽ എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.