നവദമ്പതികളുടെ കൊലപാതകം: കൊലപാതകം ആവർത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവർക്കെതിരെ പൊലീസ് അന്വേഷണം....
വയനാട്: വെള്ളമുണ്ട കണ്ടോത്തുവയലില്‍ നവദമ്പതിമാര്‍ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടുട്ടും കൃത്യം നടത്തിയവരെ കുറിച്ച് സൂചനയൊന്നും ലഭിക്കാതെ പൊലീസ്. വെള്ളിയാഴ്ച രാവിലെയാണ് കണ്ടോത്തുവയല്‍ പന്ത്രണ്ടാംമൈലില്‍ പൊയിലില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ എന്നിവരെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇത് തെളിയിക്കാന്‍ തക്കതായ സൂചനകളൊന്നും ഇനിയും കിട്ടിയിട്ടില്ല. കൃത്യം നടത്താനായി ചെയ്ത ആസൂത്രണമാണ് പോലീസിനെ കുഴക്കുന്നത്. രണ്ടു പേരും കൊല്ലപ്പെട്ടതിനാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടാക്കാന്‍ പോലീസിനായിട്ടില്ല. ഇത് കാരണം എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
പ്രദേശം വഴി കടന്നു പോയ വാഹനങ്ങളെ കുറിച്ചും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുമാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. വെള്ളമുണ്ട-കുറ്റിയാടി റോഡിലൂടെ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ കടന്നു പോയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ഫോണ്‍കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
വെള്ളമുണ്ട-നിരവില്‍പ്പുഴ പ്രധാന റോഡിനും തേറ്റമല റോഡിനും ഇടയിലാണ് കൊലപാതകം നടന്ന വീട്. ഈ ഭാഗങ്ങളിലെ കടകളിലും വീടുകളിലും സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. വാഹനങ്ങള്‍ കടന്നുപോയ സമയവും മറ്റുവിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. വാഹനങ്ങള്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ, വഴിമാറി സഞ്ചരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കും. ഇരുചക്രവാഹനങ്ങളാണ് കൂടുതലും നിരീക്ഷിക്കുന്നത്. കൃത്യം നടത്തി ഇരുചക്രവാഹനത്തില്‍ പ്രതി രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേ സമയം കൊലപാതകം നടന്ന വീട് നില്‍ക്കുന്ന കണ്ടോത്തുവയല്‍ പന്ത്രണ്ടാം മൈല്‍ റോഡരികില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതായി പ്രദേശവാസികളില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ല. ഇത് കാരണമാണ് പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
ഇതിന് പുറമെ പ്രദേശങ്ങളിലെ ഇതരസംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. പോലീസ് ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ തൊഴിലാളികളെ ഹാജരാക്കണമെന്ന് ഇവരുടെ ഏജന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിനുള്ളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ആണോ എന്നറിയാനുള്ള പരിശോധന നടന്നുവരികയാണ്. നിരവധി പേരുടെ വിരലടയാളങ്ങള്‍ ഇതിനായി കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു.
കേസിലെ പ്രതികളെകുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് പരിശോധന നടത്തിയ കണ്ണൂര്‍ റേഞ്ച് ഐജി ബൽറാം കുമാര്‍ ഉപാധ്യായ പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം ഐജി പറഞ്ഞു. മത രാഷ്ട്രീയ സംഘടനകള്‍ക്ക് കോലപാതകത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട് നിലവില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല ഐജി പറഞ്ഞു.
അതേസമയം വെള്ളമുണ്ടയിൽ വീണ്ടും കോലപാതകം നടക്കാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ ജനങ്ങള്‍ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഐജി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പൊലീസ് നടപിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിക് സംഘവും കൊലപാതകം നടന്ന വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.കൊലപാതകത്തിന് ശേഷം ഇൗ വീട് പൊലീസ് അടച്ചു പൂട്ടിയിരുന്നു.
