തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച വെള്ളാപ്പള്ളി ബിഡിജെഎസ് നിലപാടില്‍ ഉടന്‍ മാറ്റമുണ്ടാകുമെന്നും പറഞ്ഞു. ബിജെപി സംസ്ഥാന ഘടകവുമായുള്ള ബിഡിജെഎസിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണുകഴിഞ്ഞു. 

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നാണ് വെള്ളാപ്പള്ളി ഏറെനാളായി ആവശ്യപ്പെടുന്നത്. പാര്‍ട്ടി താമരയുമായുള്ള ബന്ധം വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് വെള്ളാപ്പള്ളി ക്ലിഫ് ഹൗസിലെത്തിയത്. എസ്എന്‍ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ രാഷ്ട്രീയവും ചര്‍ച്ചയായി. ചര്‍ച്ചയുടെ എല്ലാ ലക്ഷ്യവും പറയാനാകില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാത്തതിലുള്ള അതൃപതി ബിജെപി ദേശീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി അറിയിക്കാനുള്ള നീക്കത്തിലാണ് ബിഡിജഎസ്. വേങ്ങരയിലും കുമ്മനത്തിന്റെ യാത്രയിലും ഇതുവരെ ബിജെപിയപുമായുള്ള സഹകരണം പ്രഖ്യാപിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ട് കഴിഞ്ഞ ദിവസം ബിഡിജഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. രാഷ്ട്രീയനീക്കങ്ങള്‍ ചൂടിപിടിക്കുന്നതിനിടെ ഈയാഴ്ച ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ നിര്‍ണായകമാണ്