ആലപ്പുഴ: ബിജെപി-ബിഡിജെഎസ് ഒത്ത് തീര്‍പ്പ് തള്ളി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്ര ഭരണത്തിന്റെ അവസാനകാലത്ത് വച്ച് നീട്ടുന്ന നക്കാപ്പിച്ചയ്ക്ക് ബിഡിജെഎസ് വാങ്ങുന്നത് അനൗചിത്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വേങ്ങരയില്‍ ബിജെപിക്ക് പോസ്റ്റര്‍ അടിച്ച കാശ് പോലും നഷ്ടമാകുമെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം.
ബിഡിജെഎസിനുള്ള സ്ഥാനമാനങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് ഇന്നലെ ദില്ലി ചര്‍ച്ചയില്‍ അമിത്ഷാ നല്‍കിയ ഉറപ്പ്. ഇതോടെ എന്‍ഡിഎയില്‍ കലാപക്കൊടി ഉയര്‍ത്തിയ ബിഡിജെഎസ് അടങ്ങി ബിജെപിയുമായുള്ള സഹകരണം തുടരുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ താല്‍ക്കാലിക ധാരണക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു.
വേങ്ങരയില്‍ താമരക്കൊപ്പമെന്ന് ബിഡിജെസ് വൈകി പ്രഖ്യാപിച്ചെങ്കിലും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യുമെന്നാണ് ജനറല്‍ സെക്രട്ടറി പറയുന്നത്. അതേ സമയം ബിഡിജെഎസിന്റെ നിലപാട് പറയേണ്ടെത് വെള്ളാപ്പള്ളിയല്ലെന്നാണ് ബിജെപിയുടെ അഭിപ്രായം.
കേന്ദ്ര നേതൃത്വം ഇഠപെട്ട് ധാരണ ഉണ്ടാക്കിയെങ്കിലും ബിഡിജെഎസിന്റെ സമ്മര്‍ദ്ദ നീക്കങ്ങളില്‍ സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ബിഡിജെഎസ് ബിജെപിക്കൊപ്പം നിന്ന് കേന്ദ്രാനുകൂല്യങ്ങളും വെള്ളാപ്പള്ളി സിപിഎമ്മിനെ പുകഴ്ത്തി സംസ്ഥാന സര്‍ക്കാറിന്റെ സഹായങ്ങളും നേടിയെടുക്കുന്നത് തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.
