മെഡിക്കല്‍ കോളേജ് കോഴ വിഷയത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ഓരോരുത്തരും കോഴ വാങ്ങിയിട്ടുണ്ടെന്നും വേണ്ടത്ര കിട്ടാത്തവര്‍ കിട്ടിയവരെ പിടിക്കാന്‍ ചാര പ്രവൃത്തി നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേന്ദ്രനേതൃത്വം ഇടപെട്ട് അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ കേരളത്തില്‍ ബി.ജെ.പി മുളയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെടണം. ഇവിടെ നേതാക്കളെ നയിക്കുന്നവര്‍ക്ക് വേറെ ഉപജാപങ്ങളുണ്ട്.ഇതൊന്നും മോദിയും അമിത്ഷായും അറിയുന്നില്ല. ബിജെപി നന്നാകണമെങ്കില്‍ മോദി ഇടപെട്ട് ശുദ്ധീകരിക്കണം. കേരളത്തിലെ സംഭവങ്ങള്‍ മോദിക്ക് അപമാനമാണ് പിന്നോക്കാഭിമുഖ്യമുള്ള ബിജെപിയെ സൃഷ്ടിക്കാന്‍ സാധിക്കാത്തെടത്തോളം കാലം ഇവിടെ വളരുകയില്ല. വളരണമെന്ന് നേതാക്കള്‍ക്കും താല്‍പ്പര്യമില്ല. അഴിമതി മറച്ചുവെയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. എത്ര മൂടിവെച്ചാലും കോടികള്‍ മറിഞ്ഞിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ്, എന്‍.ഡി.എ ഘടകക്ഷിയാണെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കിലും കേരള ഘടകം അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഈ വിധത്തിലാണ് ബിജെപി പോകുന്നതെങ്കില്‍ അവരുമായി ചേര്‍ന്ന് പോകുന്നതില്‍ ഒരര്‍തഥവുമില്ലെന്നും അതില്‍ ഒരു രാഷ്ട്രീയ നേട്ടവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
