ആലപ്പുഴ: കായംകുളം കറ്റാനം എന്‍ജിനീയറിങ് കോളജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോളജുമായി തനിക്ക് ബന്ധമില്ല. നിലവിലെ പ്രശ്നങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കോളജ് ആക്രമിച്ച കേസില്‍ ജില്ലാ പ്രസിഡന്റടക്കം ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരും രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും അറസ്റ്റിലായി
വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് കറ്റാനത്ത് തുടങ്ങിയപ്പോള്‍ തന്നെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശ്നങ്ങളുമായി രംഗത്തുണ്ടായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ സമരം തുടങ്ങിയപ്പോള്‍ കോളജിനോട് എതിര്‍പ്പുള്ളവര്‍ അത് മുതലെടുത്തു. എസ്.എഫ്.ഐ നടത്തിയ അക്രമം ക്രൂരമായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോളജുമായി തനിക്ക് ബന്ധമില്ല. വിഷയത്തില്‍ തല്‍ക്കാലം ഇടപെടാനില്ല. കോളജിന്റെ പേര് മാറ്റേണ്ട സാഹചര്യം നിലവില്ല.
അതേസമയം കോളജ് തല്ലിതകര്‍ത്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ഒന്‍പത് എസ്.എ.ഫ്ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയിലായി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് അരുണ്‍കുമാര്‍ ഏരിയാ സെക്രട്ടറി അക്ഷയ്കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ റിമാന്‍ഡ് ചെയ്തു.
