തിരുവനന്തപുരം: മീനച്ചില്‍ താലൂക്കില്‍ നൂറു കണക്കിന് ഏക്കര്‍ വന ഭൂമി ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കു പതിച്ചു നല്‍കിയിട്ടുണ്ടെന്നും ഇതു ശ്രദ്ധയില്‍പ്പെടുത്തിയാണു തങ്ങളും സര്‍ക്കാറില്‍നിന്നു ഭൂമി ആവശ്യപ്പെട്ടതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒന്നാം നമ്പര്‍ വനഭൂമിയാണ് ഇത്തരത്തില്‍ പതിച്ചു കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മീനച്ചില്‍ താലൂക്കില്‍ 25 ഏക്കര്‍ ഭൂമി എസ്എന്‍‍ഡിപി യോഗത്തിനു പതിച്ചു നല്‍കിയെന്ന വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ആയിരക്കണക്കിന് ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ക്കു പതിച്ചു നല്‍കുമ്പോള്‍ ഞങ്ങള്‍ക്കു മാത്രം തന്നാല്‍ എന്താ പ്രശ്നം? തര്‍ക്കമുണ്ടെങ്കില്‍ ഞങ്ങള്‍ തിരിച്ചു നല്‍കാം. ബാക്കിയുള്ളവരും കൊടുത്താല്‍ മതി

മുരുകന്‍മല ക്ഷേത്രം അടങ്ങുന്ന ഭൂമിയാണു പതിച്ചു നല്‍കിയതെന്നു വെള്ളാപ്പള്ളി പറഞ്ഞു. കറുകപ്പുല്ലു പോലും ഇല്ലാത്ത മലയാണ് അത്. ആ സ്ഥലം ഞങ്ങള്‍ക്കു പതിച്ചു തന്നു. മീനച്ചില്‍ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനുമായാണു നല്‍കിയത്. ഇതു പതിച്ചു നല്‍കിയിട്ടു വര്‍ഷങ്ങളായി. ഇവിടെ സാംസ്കാരിക കേന്ദ്രം പണിയാന്‍ തീരുമാനിച്ചിട്ട് നിര്‍മാണം തുടങ്ങിയിട്ടില്ല. ഭൂമി അളന്നു തിരിച്ച് കയ്യില്‍ കിട്ടാത്തതാണു പ്രശ്നം. അവിടേയ്ക്കു പ്രവേശിക്കാന്‍ ഒരു വഴിപോലുമില്ല. ഇതു പരിഹരിക്കാനുള്ള ശ്രമത്തിലാണ് - വെള്ളാപ്പള്ളി പറഞ്ഞു.

ആയിരക്കണക്കിന് ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ക്കു പതിച്ചു നല്‍കുമ്പോള്‍ ഞങ്ങള്‍ക്കു മാത്രം തന്നാല്‍ എന്താ പ്രശ്നം? തര്‍ക്കമുണ്ടെങ്കില്‍ ഞങ്ങള്‍ തിരിച്ചു നല്‍കാം. ബാക്കിയുള്ളവരും കൊടുത്താല്‍ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.