പ്രൊഫഷണല്‍ കൊലപാതകികളാണോയെന്ന് സംശയം മുമ്പെങ്ങും ഇത്ര നിഗൂഢമായ കൊലപാതകം നടന്നിട്ടില്ലെന്ന് പൊലീസ് 

വയനാട്: വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകക്കേസിൽ വീട്ടില്‍ നിന്നു ലഭിച്ച ഹെല്‍മറ്റ് പ്രതികളുടേതല്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 29 അംഗ സംഘം ആറു സക്വാഡുകളായാണ് അന്വേഷണം നടത്തുന്നത്. വീട്ടില്‍ നിന്ന് ഒരു ഹെല്‍മെറ്റും ചീര്‍പ്പും കിട്ടിയിരുന്നുവെങ്കിലും അത് പ്രതികളുടേതല്ലെന്ന് സ്ഥരികരിച്ചു. 

കുറച്ച് സ്വര്‍ണ്ണം മാത്രമെ നഷ്ടപെട്ടിട്ടുള്ളുവെന്നതിനാല്‍ മോഷണമെന്ന് ഉറപ്പിക്കാനുമാവുന്നില്ല. സ്വര്‍ണ്ണമെടുത്തത് അന്വേഷണസംഘത്തെ വഴിതിരിക്കാനെന്ന നിഗമനത്തിലാണ് പൊലീസ്. കര്‍ണാടക തമിഴനാട് സംസ്ഥാനങ്ങളില്‍ സമാന രീതിയില്‍ ഏതെങ്കിലും കൊലപാതകം നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുണ്ട്. നിരവധി മുറിവുകളുള്ളതിനാല്‍ ഉപയോഗിച്ച ആയുധം മൂര്‍ച്ചയേറിയതല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. അതുകണ്ടുതന്നെ പ്രൊഫഷണല്‍ കൊലപാതകികളാകാനുള്ള സാധ്യത പൊലീസ് തള്ളികളയുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൊലപാതകത്തില്‍ പങ്കാളികാണോ എന്നും സംശയിക്കുന്നു. തബലിഗ് ജമാഅത്ത് വിഭാഗത്തില്‍പെട്ട ഇവരുടെ കുടുംബം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി മതപഠനക്ലാസുകള്‍ നടത്തിയിരുന്നു.

ഇതിനെചൊല്ലി വെള്ളമുണ്ടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഭരണകക്ഷിയില്‍പെട്ട ചില പ്രാദേശിക നേതാക്കള്‍ ഇവരെ താക്കിതും ചെയ്തിരുന്നു. ഈ സംഭവത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വെള്ളമുണ്ടയില്‍ ഇന്നും ഇതരസംസ്ഥാന തൊഴിലാളികളുടെ വിരലടയാളങ്ങള്‍ ശേഖരിച്ചു. വെളളമുണ്ട മുതല്‍ മാനന്തവാടി വരെ റോഡിനുസമീപമുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധനക്കെടുത്തിട്ടുണ്ട്. വെള്ളമുണ്ട, കാഞ്ഞിരങ്ങാട്, കോറോം തുടങ്ങിയ ഇടങ്ങളിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.