ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്, എംഡി പ്രവേശനം നിര്‍ത്തിവെച്ചു. ഏകജാലകസംവിധാനം വഴി മാത്രമേ കുട്ടികളെ തെരഞ്ഞെടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍‍ദേശിച്ച സാഹചര്യത്തിലാണ് ഇതെന്ന് കോളേജ് ഡയറക്ടര്‍ ഡോ.സുനില്‍ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 100 എംബിബിഎസ് സീറ്റുകളും 192 പിജി സീറ്റുകളുമാണ് വെല്ലൂര്‍ മെഡിക്കല്‍ കോളജിലുള്ളത്.

അടുത്ത വര്‍ഷം ശതാബ്ദി നിറവിലേയ്‌ക്ക് നീങ്ങുകയാണ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്. മലയാളികളുള്‍പ്പടെ നൂറുകണക്കിന് വിദ്യാ‍ര്‍ഥികള്‍ ആശ്രയിക്കുന്ന ഈ സ്ഥാപനത്തിലെ പുതിയ എംബിബിഎസ്, എംഡി ബാച്ചുകള്‍ക്ക് 99 കൊല്ലത്തെ ചരിത്രത്തിലാദ്യമായി ഒരു പ്രത്യേകതയുണ്ട്.

ഈ വര്‍ഷത്തെ എംബിബിഎസ് ബാച്ചില്‍ ദേശീയ ക്വോട്ട അനുസരിച്ച് പ്രവേശനംകൊടുത്ത ഒരു കുട്ടിയേ ഉണ്ടാകൂ. പി ജി കോഴ്‌സുകളില്‍ എം ഡി കാര്‍ഡിയോളജിയിലും ഒരു വിദ്യാര്‍ഥി മാത്രം. തിരിച്ചടിയായത് നീറ്റിലെ ഏകജാലകപ്രവേശനം തന്നെ. 4000 രൂപ വരെ മാത്രാണ് ഈ ക്വാട്ടയിലെ വാര്‍ഷികഫീസ്. ഇത് ഈ വര്‍ഷം ഇല്ലാതാവുന്നതോടെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്.

നീറ്റിനനുസരിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, സ്വന്തം നിലയ്‌ക്ക് ഒരു അഭിമുഖവും, ജിഡിയും നടത്തിയ ശേഷം അന്തിമ പ്രവേശനപട്ടിക തയ്യാറാക്കുന്ന രീതി ഇക്കൊല്ലം അവലംബിയ്‌ക്കാനാകില്ല. ഏകജാലകം വഴി കൗണ്‍സലിംഗ് നേടിയ കുട്ടികളുടെ പട്ടിക കോളേജ് അംഗീകരിച്ചേ തീരൂ.

അനിതയെന്ന ദളിത് പെണ്‍കുട്ടി മികച്ച മാര്‍ക്കുണ്ടായിട്ടും ഇംഗ്ലീഷിലുള്ള ചോദ്യങ്ങളെ നേരിടാനാകാതെ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വളരെ കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്ന സിഎംസിയിലും പ്രവേശനം നിര്‍ത്തിവെയ്‌ക്കപ്പെടുന്നത്.പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിയ്‌ക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് നീറ്റിന്റെ രീതിയില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതി തയ്യാറാകുമോ എന്നതാണ് നിര്‍ണായകം. ഒക്ടോബര്‍ 11 നാണ് ഹര്‍ജിയില്‍ ഇനി വാദം കേള്‍ക്കുന്നത്.