ഡിജിറ്റൽ കറൻസി പെട്രോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വലൻ സർക്കാർ തുടക്കമിട്ടത്. ഇതിലൂടെ അമേരിക്കയിൽ നിന്നടക്കമുള്ള ഉപരോധം മറികടക്കാനും വെനസ്വലൻ കറൻസി ബോലിവറിന്‍റെ വിലയിടിവ് പ്രതിരോധിക്കാനുമാണ് ശ്രമം.
ദില്ലി: ഇന്ധനവില പിടിച്ച് നിർത്താൻ 30 ശതമാനം ഇളവിൽ ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകാമെന്ന് വെനസ്വേല. പക്ഷേ ക്രൂഡോയിന്റെ വില ക്രിപ്റ്റോ കറൻസിയിലൂടെ നൽകണമെന്നാണ് വെനസ്വേലയുടെ ആവശ്യം.
ഇന്ത്യയിൽ സർവ്വകാല റെക്കോഡിലാണ് പെട്രോൾ-ഡീസൽ വില. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ വരും ദിവസങ്ങളും ഇന്ധന വില കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് നിലവിലെ വിപണി വിലയേക്കാൾ 30 ശതമാനം ഇളവിൽ ക്രൂഡോയിൽ ഇന്ത്യക്ക് നൽകാമെന്ന വാഗ്ദാനം വെനസ്വേല മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് ബാരലിന് 75 ഡോളർ വിലയുള്ള ക്രൂഡോയിൽ 53 ഡോളറിന് വെനസ്വേല കൈമാറും. ഇതിലൂടെ രാജ്യത്തെ ഇന്ധന വില വർദ്ധന പിടിച്ച് നിർത്തി വില കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് കൈമാറാം.
പക്ഷേ ഇന്ത്യ നിയമപരമായി പിന്തുണയ്ക്കാത്ത ഡിജിറ്റൽ കറൻസിയിലൂടെ പണം കൈമാറണമെന്നതാണ് പ്രതിസന്ധി. ബിറ്റ് കോയിൻ മാതൃകയിൽ വെനസ്വേലൻ സർക്കാർ ആരംഭിച്ച ക്രിപ്റ്റോ കറൻസി പെട്രോയിലൂടെ പണം നൽകമെന്നാണ് ആവശ്യം. എണ്ണ, പ്രകൃതി വാതകം, സ്വർണം എന്നിവയിൽ വ്യാപാരം നടത്തുന്ന ഡിജിറ്റൽ കറൻസി പെട്രോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വലൻ സർക്കാർ തുടക്കമിട്ടത്. ഇതിലൂടെ അമേരിക്കയിൽ നിന്നടക്കമുള്ള ഉപരോധം മറികടക്കാനും വെനസ്വലൻ കറൻസി ബോലിവറിന്റെ വിലയിടിവ് പ്രതിരോധിക്കാനുമാണ് ശ്രമം.
ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്ന ഇന്ത്യയിലെ കന്പനി കോയിൻസെക്യുറുമായി പെട്രോയുടെ പ്രതിനിധികൾ ചർച്ച നടത്തി. കോയിൻസെക്യുറിൽ പെട്രോയെ കൂടി ഉൾപ്പെടുത്താനാണ് ശ്രമം. അതേസമയം വെനസ്വേലയുടെ പുതിയ വാഗ്ദാനത്തോടെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.
