കാരക്കാസ്: വെനസ്വേലയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ രണ്ടുമാസത്തേക്കു കൂടി നീട്ടിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സ്ഥാനമൊഴിഞ്ഞ് മദുറോ ഹിതപരിശോധനയ്ക്കു തയ്യാറാകണമെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം. അമേരിക്കയും പ്രതിപക്ഷവും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണു മഡുറോയുടെ വാദം.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനും ശേഷം അടുത്ത ഉന്നം തന്റെ പ്രസിഡന്റ് കസേരയാണെന്ന് ആരോപിച്ചാണ് നിക്കോളാസ് മഡുറോ സാമ്പത്തിക അടിയന്തരവാസ്ഥ നീട്ടിയത്. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുവെന്നു ഭയന്നു മഡുറോ വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ കരാറില്‍ ഒപ്പുവച്ചത്.
സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം കൈവിട്ടുപോകുമെന്ന മഡുറോയുടെ ഭയമാണു പ്രഖ്യാപനത്തിന് പിന്നില്‍. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നും പൂട്ടിയ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് അവശ്യസാധനങ്ങളുടെ വിതരം ഉറപ്പുവരുത്താനാണ് ശ്രമമെന്നു മഡുറോ പറയുന്നു. വിദേശ ശക്തികളുടെ ഇടപെടലും ഭീഷണിയും തടയാന്‍ സജ്ജമായിരിക്കാന്‍ സൈനികര്‍ക്ക് മഡുറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2018വരെ കാലവധിയുള്ള മഡുറോ സര്‍ക്കാരിനു ജനപിന്തുണ നഷ്ടമായെന്നും പ്രസിഡന്റെ പദമൊഴിഞ്ഞ് ഹിതപരിശോധ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. തലസ്ഥാനമായ കാരക്കാസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. 70 ശതമാനം ജനങ്ങളും മഡുറോയ്ക്ക് എതിരാണെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.
