മലപ്പുറം: വേങ്ങരയില്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി പി ബഷീറാണ് ആദ്യം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം കളക്ട്രേറ്റില്‍ മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയുള്‍പ്പെടയുള്ളവര്‍ക്കൊപ്പമെത്തിയാണ് ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. ലീഗിന്റെ ഭൂരിപക്ഷം കുറയ്‌ക്കലല്ല, വേങ്ങര പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് ഇടത് മുന്നണി നടത്തുന്നതെന്ന് പി.പി.ബഷീര്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ പത്രിക സമര്‍പ്പിച്ചത്.വേങ്ങര ബിഡിഒ മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ലീഗ് ഒറ്റക്കെട്ടാണെന്ന് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. പ്രചാരണ രംഗത്ത് ഏറെ മുന്നേറാനായെന്ന് കെ എന്‍എ ഖാദര്‍ പറഞ്ഞു.
എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ കെ സി നസീറും നാമനിര്‍ദ്ദേശ പത്രിക നല്‍കി.പത്രികാ സമര്‍പ്പണത്തോടെ പ്രചാരണരംഗവും കൂടുതല്‍ സജീവമാകും.മുന്‍നിര നേതാക്കള്‍ പങ്കെടുത്ത യുഡിഎഫ് നേതൃയോഗം മലപ്പുറത്ത് നടന്നു. ഇക്കുറി റെക്കോര്‍ഡ് വിജയം നേടുമെന്നാണ് നേതാക്കളുടെ അവകാശവാദം. ഇടത് മുന്നണി കണ്‍വന്‍ഷന്‍ നാളെ നടക്കും.
