മലപ്പുറം: വേങ്ങരയില്‍ ആദ്യ റൗണ്ടില്‍ ഇരു മുന്നണികളും പ്രതിരോധത്തില്‍. വിമത സ്ഥാനാര്‍ഥി പ്രശ്‌നവും പ്രാദേശിക ആഭ്യന്തര പ്രശ്‌നങ്ങളുമാണ് യു.ഡി.എഫിനെ അങ്കലാപ്പിലാക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങള്‍ ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു.
വേങ്ങരയില്‍ കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍്ഥിയാക്കിയത് രുചിക്കാത്തവര്‍ മുസ്ലീ ലീഗിലുണ്ട്. അസംതൃപ്തരുടെ പിന്തുണ പ്രതീക്ഷിച്ച് ലീഗ് തൊഴിലാളി സംഘടനയുടെ ജില്ലാ നേതാവായിരുന്ന കെ.ഹംസ വിമതനായി. ലീഗ് ഉന്നത നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹംസ വഴങ്ങിയിട്ടില്ല.
ഇതിനൊപ്പമാണ് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ പ്രാദേശിക ഭരണത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വൈരം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംവിധാനം വിട്ട് ഇരു പാര്‍ട്ടിക്കാരും തമ്മില്‍ മത്സരിച്ചിരുന്നു. കണ്ണമംഗലം, പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളിലെ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം യു.ഡി.എഫിന് തണുപ്പിക്കണം.
എതിര്‍ചേരിയിലെ വിമത നീക്കങ്ങള്‍ ഈ തിരഞ്ഞെുപ്പില്‍ വേങ്ങരയുടെ ചരിത്രം തിരുത്തുമെന്ന് പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഫാസിസത്തിനെതിരെ യഥാര്‍ഥ പോരാളി തങ്ങളെന്ന് മുദ്രവാക്യമാണ് ന്യൂനപക്ഷ മണ്ഡലത്തില്‍ ഇടതുമുന്നണി ഉയര്‍ത്തുന്നത്. അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരെ അനുദിനം ശക്തമാകുന്ന ആരോപണങ്ങള്‍ മുന്നണിയെ പ്രതിരോധത്തിലാക്കുന്നു.
