ദില്ലി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായ എം വെങ്കയ്യനായിഡുവും ഗോപാല്‍ കൃഷ്ണഗാന്ധിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മുലായം സിംഗ് യാദവിന്റെ പിന്തുണയുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ബിജു ജനതാദള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.  വെങ്കയ്യ നായിഡുവിന്റെ വാര്‍ത്തവിതരണവകുപ്പിന്റെ അധിക ചുമതല സ്‌മൃതി ഇറാനിക്ക് നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷനുമൊപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലില്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യനായിഡു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വിളിച്ച് പിന്തുണ അറിയിച്ചതായി വെങ്കയ്യനായിഡു പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ പിന്തുണച്ച നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപിക്ക് തിരിച്ചടിയായി. തെലങ്കാന രാഷ്ട്രസമിതി, തെലുങ്ക് ദേശം, അണ്ണാ ഡിഎംകെ, ശിവസേന പാര്‍ട്ടികളുടെ പിന്തുണ വെങ്കയ്യ നായിഡുവിനാണ്. 500ലേറെ എംപിമാരുടെ പിന്തുണ വെങ്കയ്യനായിഡുവിനുണ്ട്.

വെങ്കയ്യനായിഡുവിന്റെ നഗര വികസന വകുപ്പിന്റെ അധിക ചുമതല ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനും വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ ചുമതല ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്കും നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നീ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അടുത്തമാസം അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും വോട്ടെണ്ണലും.