തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിക്കപ്പെട്ട ദിവസത്തെ കൊല്ലം മെ‍‍ഡിട്രീന ആശുപത്രിയിലെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മെഡിട്രീനയില്‍ ഒരു വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. വെന്റിലേറ്റര്‍ ഉണ്ടായിരുന്നിട്ടും പ്രാഥമിക ചികിത്സ നിഷേധിച്ചതിനാണ് ഈ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ‍ഞായര്‍ രാത്രി 11.26 നാണ് ഗുരുതരമായി പരിക്കേറ്റ മുരുകനെയും വഹിച്ചുകൊണ്ടുള്ള 'ട്രാക്കിന്റെ' ആംബുലന്‍സ് കൊട്ടിയും കിംസില്‍ നിന്നും മെ‍‍ഡിട്രീന ആശുപത്രിയിലെത്തുന്നത്. ആകെ ഏഴ് വെന്റിലേറ്ററുകളുള്ള മെ‍‍ഡിട്രീനയില്‍ മൂന്നെണ്ണത്തില്‍ രോഗികളുണ്ടായിരുന്നു. കൊട്ടാരക്കര സ്വദേശി ജയ, മയ്യനാട് സ്വദേശി ബാബു രാജന്‍, ചെങ്ങമനാട് സ്വദേശി ലില്ലിക്കുട്ടി എന്നിവരാണവര്‍. ബാക്കി മൂന്ന് വെന്റിലേറ്ററുകള്‍ കേടാണ്. ശേഷം വരുന്ന ഒരു വെന്‍റിലേറ്ററില്‍ മുരുകനെ പ്രവേശിപ്പിക്കാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

ന്യൂറോ സര്‍ജനില്ലെന്ന കാരണം പറഞ്ഞാണ് മെ‍ഡിട്രീന മുരുകനെ ഒഴിവാക്കിയത്. എന്നാല്‍ ഇവിടുത്തെ ന്യൂറോ സര്‍ജന്‍ എസ് പൊന്‍രാജ് തിങ്കളാഴ്ച പുലര്‍ച്ചെ 5.50ന് ആശുപത്രിയില്‍ എത്തുമായിരുന്നു. ഞായറാഴ്ച രാത്രി 11.30ന് മെ‍ഡിട്രീനയിലെത്തിയ മുരുകനെ ന്യൂറോ സര്‍ജനെത്തുന്ന തിങ്കളാഴ്ച പുലര്‍ച്ചെ 5.50 വരെ അതായത് ആറ് മണിക്കൂര്‍ വെന്റിലേറ്ററില്‍ വയ്‌ക്കാന്‍ പറ്റുമായിരുന്നോ എന്ന സാധ്യത പൊലീസ് അന്വേഷിക്കുന്നു. മുരുകന്റെ പരിക്കിന്റെ ആഴവും തീവ്രതയും പരിശോധിക്കും. ഇതിനായി പൊലീസ് സര്‍ജന്റെ സഹായം തേടി. ആംബുലന്‍സില്‍ ഉള്ളതിനേക്കാള്‍ അത്യാധുനിക സൗകര്യങ്ങളാണ് ആശുപത്രികളിലെ വെന്‍റിലേറ്ററുകളില്‍ ഉള്ളത്.