ശ്രീജിത്തിനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സഹോദരന്‍ രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വരാപ്പുഴ: കസ്റ്റഡി മരണത്തില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം രംഗത്ത്. ശ്രീജിത്തിനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സഹോദരന്‍ രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുളസീദാസെന്ന ശ്രീജിത്തിനെ ആയിരുന്നു പാര്‍ട്ടി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പോലീസ് പിടികൂടിയത് ആള് മാറിയാണ്. ശ്രീജിത്തിന് മേലുള്ള പോലീസ് മര്‍ദ്ദനം ക്രൂരമായത് സിപിഎം നിര്‍ദ്ദേശിച്ച ശ്രീജിത്തെന്ന ധാരണയിലാണെന്നും രഞ്ജിത്ത് പറഞ്ഞു.

ഇതിനിടെ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പൊലീസുകാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റൂറല്‍ എസ് പിയുടെ കീഴിലുളള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരെ ക്രൈംബ്രാഞ്ചാണ് ഇന്നലെ രാത്രി അറസ്റ്റുചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മര്‍ദിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‌സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ദീപക് എന്നിവരെയും വൈകാതെ പ്രതിചേര്‍ക്കുമെന്നാണ് സൂചന.