ചില മാടമ്പിമാർ കസേരയിൽ കയറിയിരുന്ന് തീരുമാനമെടുക്കുന്നുവെന്ന തച്ചങ്കരിയുടെ പരാമർശത്തിനെതിരെ അധ്യക്ഷനായ എ.ഹേമചന്ദ്രൻ രംഗത്തെത്തി.
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ചേർന്ന ഐപിഎസ് അസോസിയേഷൻ യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ വാഗ്വാദം. അസോസിയേഷൻ തലപ്പത്തെ ചില മാടമ്പിമാരാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി വിമർശിച്ചു. എന്നാല്‍ തച്ചങ്കരി വിമര്‍ശനം പിൻവലിക്കണമെന്ന് അധ്യക്ഷനായിരുന്ന എ.ഹേമചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം മകള്‍ക്കെതിരായ കേസിൽ അസോസിയേഷൻ ഇടപെടേണ്ടെന്ന് എഡിജിപി സുധേഷ് കുമാർ യോഗത്തില്‍ അറിയിച്ചു.
പുതിയ നിയമാവലി അംഗീകരിച്ച് സംഘടനയെ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ടോമിൻ ജോ.തച്ചങ്കരിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് സംസാരിക്കുന്നതിനിടെയാണ് നേതൃത്വത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ച്. ചില മാടമ്പിമാർ കസേരയിൽ കയറിയിരുന്ന് തീരുമാനമെടുക്കുന്നുവെന്ന തച്ചങ്കരിയുടെ പരാമർശത്തിനെതിരെ അധ്യക്ഷനായ എ.ഹേമചന്ദ്രൻ രംഗത്തെത്തി.
എന്നാല്‍ മറ്റൊരു അർത്ഥത്തിലല്ല ആ പ്രയോഗമെന്ന് തച്ചങ്കരി തിരുത്തിയതോടെ കൂടുതല്‍ വാക്കേറ്റം ഉണ്ടായില്ല. ഐപിഎസ് അസോസിയേഷന്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന തച്ചങ്കരി പക്ഷത്തിൻറെ ആവശ്യത്തെ ഭൂരിഭാഗം പേരും എതിർത്തു. ഇങ്ങനെ ചെയ്യാനുള്ള നിയമപ്രശ്നങ്ങള്‍ പലരും ചൂണ്ടികാട്ടി. ഇതോടെ നേതൃത്വമാറ്റം വേണമെന്ന തച്ചങ്കരി വിഭാഗത്തിൻറെ ആവശ്യത്തിന് തിരിച്ചയുണ്ടായി.
അതേ സമയം ഒരു നിയമാവലി വേണമെന്ന ആവശ്യത്തെ എല്ലാവരും അംഗീകരിച്ചു. നിയമാവലി രൂപീകരിക്കാൻ ഒരു സബ്കമ്മിറ്റിയെ രൂപീകരിക്കുയും ചെയ്തു. ഒക്ടോബർ 16-നുള്ള വാഷിക യോഗത്തിൽ നിയമാവലി അംഗീകരിച്ച് നേതൃത്വമാറ്റം ചർച്ച ചെയ്യാമെന്ന് യോഗം തീരുമാനിച്ചു.
തനിക്കുനേരെയുണ്ടായ ആക്ഷേപങ്ങളിൽ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അസോസിയേഷൻ ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും എഡിജിപി സുധേഷ് കുമാര്‍ പറഞ്ഞു. ക്യാമ്പ് ഫോളോവർമാരെ അനാവശ്യമായി ചിലർ ആശ്രയിച്ചാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന ആക്ഷേപവും ചില ഉദ്യോഗസ്ഥർ ഉന്നയിച്ചു. ദാസ്യപ്പണിയിൽ ഒരു പൊതുപ്രസ്താവന വേണ്ടെന്നും യോഗം തീരുമാനിച്ചു.
