ദില്ലി: റഫാൽ ഇടപാടിനെച്ചൊല്ലി ലോക്സഭയിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്. റഫാലിനെച്ചൊല്ലി കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറയുകയായിരുന്നു നി‍ർമലാ സീതാരാമൻ. നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞ രാഹുൽ ഗാന്ധി പ്രധാനമന്ത്രി കള്ളനെന്ന് ആവർത്തിച്ചു. തന്നെയും പ്രധാനമന്ത്രിയെയും കള്ളൻമാരെന്ന് വിളിച്ചെന്ന് ആരോപിച്ച പ്രതിരോധമന്ത്രി വികാരാധീനയായാണ് പിന്നീട് മറുപടി പറഞ്ഞത്.

നിർമലാസീതാരാമന്‍റെ മറുപടി

ദേശസുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാനകരാറാണ് റഫാലെന്ന് നിർമലാ സീതാരാമൻ പാർലമെന്‍റിൽ നടത്തിയ മറുപടിപ്രസംഗത്തിൽ പറഞ്ഞു. കൂടുതൽ ആയുധങ്ങൾ വാങ്ങേണ്ടത് ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ചൈനയും പാകിസ്താനും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ്. 

പ്രതിരോധഇടപാടും പ്രതിരോധത്തിലെ ഇടപാടും രണ്ടും രണ്ടാണെന്നാണ് കോൺഗ്രസിനെ പരിഹസിച്ച് നിർമലാ സീതാരാമൻ പറഞ്ഞത്. കോൺഗ്രസ് റഫാൽ ഇടപാടിൽ ഒപ്പു വയ്ക്കാതിരുന്നത് കമ്മീഷൻ കിട്ടില്ലെന്ന് വ്യക്തമായപ്പോഴാണ്. അയൽരാജ്യങ്ങൾ ഇന്ത്യക്ക് ഭീഷണിയുയർത്തി ആയുധങ്ങളും വിമാനങ്ങളും വാങ്ങിക്കൂട്ടുമ്പോൾ യുപിഎ വെറും 18 ജെറ്റുകളാണ് ആവശ്യപ്പെട്ടത്. കരാർ അന്തിമരൂപത്തിലാക്കാൻ ഏറെ വൈകുകയും ചെയ്തു.

എന്നാൽ എൻഡിഎ അധികാരത്തിൽ വന്ന ശേഷം 14 മാസങ്ങൾക്കുള്ളിൽ കരാർ അന്തിമരൂപത്തിലാക്കി. 2019 സെപ്തംബറിൽ ആദ്യ വിമാനമെത്തും. 2022 ആകുമ്പോഴേക്ക് 36 ജെറ്റ് വിമാനങ്ങളും ഇന്ത്യക്ക് ലഭിക്കും. ദസോയും ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡും തമ്മിൽ ഒരു കരാറും നിലനിന്നിരുന്നില്ല. എച്ച്എഎല്ലിന് വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ ഉള്ള ശേഷി നിലവിലില്ല. ഇന്ത്യയിൽ നിർമിച്ച വിമാനങ്ങളുടെ ഗുണനിലവാരത്തിൽ ദസോയും ഉറപ്പ് തന്നില്ല. ഇതിനാലാണ് മറ്റൊരു കമ്പനിക്ക് കരാർ നൽകിയത്. 18 ന് പകരം 36 ജെറ്റ് വിമാനങ്ങളാണ് ഇന്ത്യക്ക് കിട്ടുന്നത്. ഇത് നേട്ടമാണ് - നിർമലാ സീതാരാമൻ വ്യക്തമാക്കി. 

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയുമായി സംസാരിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം കള്ളമാണെന്നും നിർമലാ സീതാരാമൻ ആരോപിച്ചു. 

നിർമലാ സീതാരാമൻ പറഞ്ഞ കരാറിന്‍റെ വിശദാംശങ്ങൾ: 

  • ഓരോ വിമാനത്തിനും 737 കോടി രൂപയാണ് അവരുടെ വില. നമുക്ക് കിട്ടുന്നത് 670 കോടിക്ക്. ഇത് ലാഭമാണ്.
  • 36 വിമാനങ്ങൾ നിർമിക്കാൻ സാധാരണ വേണ്ട സമയത്തിലും അഞ്ച് മാസം മുൻപേ കിട്ടും.
  • യുപിഎയേക്കാളും മികച്ച കരാറാണ് എൻഡിഎയുടേത്
  • പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെടുന്നത് സാധാരണം മാത്രം.

രാഹുൽ ഗാന്ധിയുടെ മറുപടി

റഫാൽ ഇടപാടിൽ താൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. നിർമലാ സീതാരാമനോ മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറോ ഇതിൽ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനിൽ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്‍റെ അടിസ്ഥാനചോദ്യം. 

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി സംസാരിച്ചപ്പോൾ തനിക്ക് കിട്ടിയ വിവരങ്ങളുൾപ്പടെ ഉന്നയിച്ച് താൻ പറഞ്ഞ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ദേശസുരക്ഷയാണ് പ്രധാനമെങ്കിൽ 36 ന് പകരം കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങാമായിരുന്നില്ലേ? വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താൻ ഉന്നയിക്കുന്നത്.  എങ്ങനെ അനിൽ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നത്.

Read More: റഫാൽ ഇടപാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പ്രതിരോധവികസനം തകർത്തെന്ന് രാഹുൽഗാന്ധി

വികാരാധീനയായി നിർമലാ സീതാരാമൻ

കള്ളം ഒളിപ്പിച്ചെന്ന ആരോപണത്തിന് വികാരാധീനയായാണ് നിർമലാ സീതാരാമൻ മറുപടി നൽകിയത്. പാർലമെന്‍റിന് പുറത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുകയും അകത്തെത്തി കെട്ടിപ്പിടിക്കുകയും സീറ്റിൽ ചെന്നിരുന്ന് കണ്ണിറുക്കുകയും ചെയ്യുന്നതു പോലുള്ള തമാശയല്ല ഇത്. ഇത്തരം ആരോപണങ്ങളുന്നയിക്കാൻ രാഹുലിന് എന്തവകാശം? പ്രധാനമന്ത്രിയും താനും സാധാരണ കുടുംബങ്ങളിൽ നിന്ന് ഉയർന്നു വന്നവരാണ്. ഇങ്ങനെ സംസാരിക്കാൻ രാഹുലിന് അവകാശമില്ല - നിർമലാ സീതാരാമൻ ആരോപിച്ചു.

Read More: കെട്ടിപ്പിടിച്ച് കണ്ണിറുക്കി രാഹുൽ; മുഷിഞ്ഞ് മോദി - പാർലമെന്‍റിനെ ട്രോൾ മുറിയാക്കി രാഹുൽ