കെട്ടിപ്പിടിച്ച് കണ്ണിറുക്കി രാഹുല്‍, മുഷിഞ്ഞ് മോദി; പാര്‍ലമെന്‍റ് ട്രോള്‍ മുറിയാക്കി രാഹുല്‍

ദില്ലി: ടിഡിപി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയോട കാത്തിരുന്നപ്പോള്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ജയദേവ് ഗല്ലയുടെ പ്രസംഗം ബോറടിപ്പിച്ചു. ദേശീയ തലത്തിലെ യാതൊരു പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കാതെ മുന്നണി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് ടിഡിപി അവസരം ഉപയോഗിച്ചത്. മോദി സര്‍ക്കാര്‍ ആന്ധ്രയെ വഞ്ചിച്ചുവെന്ന് ടിഡിപി ആരോപിച്ചു. നിരവധി കാര്യങ്ങളില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും ടിഡിപി ആരോപിച്ചു. 

എന്നാല്‍ വളരെ രസകരവും ഒരു നാടകമെന്നപോലെ ആസ്വാദ്യവുമായിരുന്നു രാഹുലിന്‍റെ പ്രകടനം. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി തന്‍റെ പ്രകടനങ്ങള്‍ തന്മയത്വത്തോടെ ആടിത്തീര്‍ത്തു. മോദിയെ രൂക്ഷമായി വിമര്‍ശിച്ച പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി മോദിക്കരികിലേക്കെത്തി. പ്രതിപക്ഷാംഗങ്ങള്‍ കയ്യടിയോടെയാണ് രാഹുലിനെ എതിരേറ്റത്. 

Scroll to load tweet…

ആദ്യം മോദിക്കരികിലെത്തിയ രാഹുല്‍ മോദിയോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന്‍റെ ആവശ്യമില്ലെന്ന് അറിയിച്ച മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിയില്‍ അസ്വസ്ഥനായ മോദി എന്താണ് കാണിക്കുന്നതെന്ന തരത്തില്‍ ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. കെട്ടിപ്പിടിച്ച ശേഷം തിരിച്ചുപോകാനൊരുങ്ങിയ രാഹുല്‍ ഗാന്ധിയെ തിരിച്ചുവിളിച്ച് മോദി ചെവിയില്‍ എന്തോ കാര്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഹസ്തദാനം ചെയ്ത ശേഷം രാഹുല്‍ സീറ്റിലേക്ക് മടങ്ങി. എന്നിട്ടും തീര്‍ന്നില്ല രാഹുലിന്‍റെ പ്രകടനം.

തിരിച്ച് സീറ്റിലെത്തിയ രാഹുലിനോട് പ്രകടനത്തെ കുറിച്ച് ചോദിച്ച അടുത്ത സീറ്റിലിരുന്ന എംപിക്ക് കണ്ണിറുക്കിയാണ് രാഹുല്‍ മറുപടി പറഞ്ഞത്. രാഹുല്‍ ഈ പ്രകടനങ്ങളെല്ലാം നടത്തുമ്പോള്‍ മറ്റ് സഭാംഗങ്ങളെല്ലാം പ്രകടനം കാണാനായി എഴുന്നേറ്റ് നില്‍ക്കുന്നതും, ഇത് കണ്ട് പൊട്ടിച്ചിരിക്കുന്നതും രസകരമായ കാഴ്ചയായി. സീറ്റില്‍ നിന്ന് ഇറങ്ങിവന്ന് ഈ കാഴ്ച കണ്ടവരും കുറവായിരുന്നില്ല.

പ്രസംഗത്തിന്‍റെ തുടക്കം മുതല്‍ തന്നെ രാഹുല്‍ മോദിയെ പരിഹസിച്ചു തുടങ്ങിയിരുന്നു. വളരെ ഗൗരവമായി സംസാരിക്കുന്നതിനിടിയില്‍ മോദിയുടെ ചിരി സ്ക്രീനില്‍ കണ്ട രാഹുല്‍ മോദിയെ പരിഹസിച്ചു. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നതെന്ന് രാഹുല്‍ പറഞ്ഞു. തന്‍റെ കണ്ണുകളിലേക്ക് മോദി നോക്കുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.

Scroll to load tweet…

മോദി അസാധാരണമായി ചിരിക്കുന്നതും ഇടയ്ക്ക് ഗൗരവ ഭാവത്തിലേക്ക് തിരിച്ച് പോകുന്നതും വീണ്ടും ചിരിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. എന്തു തന്നെയായാലും ലോക്സഭയെ ട്രോള്‍ മുറിയാക്കിയാണ് രാഹുല്‍ ഇന്ന് കളം നിറഞ്ഞത്. അതേസമയം തെളിവുകളില്ലാത്ത ആരോപണങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

മോദി രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി. മോദിക്ക് ചൈനയുടെ താൽപര്യമാണ് പ്രധാനമെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ചര്‍ച്ചയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നത്. എന്‍റെ കണ്ണുകളിലേക്ക് നോക്കുന്നില്ല. വിശ്വസിച്ച യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു. പ്രധാനമന്ത്രി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്നും രാഹുല്‍ ചോദിച്ചു.