2012 ജൂണ്‍ 26ന് പുലര്‍ച്ചെ പൊലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നര വര്‍ഷത്തിന് ശേഷം 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്നാണ് ആന്റണിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 14ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യു മുമ്പാകെ ആരംഭിച്ച വിചാരണ ഈ മാസം 8 ന് പൂര്‍ത്തിയായി. ഒരു മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കി വിധി പറയുന്ന അപൂര്‍വ്വം കൊലക്കേസുകളില്‍ ഒന്നാണിത്. കേസില്‍ പ്രോസിക്യൂഷന്‍ 30 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. കൂടാതെ 72 രേഖകളും 38 തൊണ്ടിമുതലുകളും തെളിവായും എത്തിച്ചു. ആട്ആന്റണി ഓടിച്ചിരുന്ന വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പൊലീസ് കസ്റ്റഡിയിലായിരുന്ന വാന്‍ വിചാരണകാലയളവില്‍ കോടതിയിലെത്തിച്ചിരുന്നു. വാന്‍ ജഡ്ജി നേരിട്ടെത്തി പരിശോധിക്കുകയും ചെയതു. ആട് ആന്റണിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് ഡ്രൈവര്‍ ജോയിയും ആദ്യം സംഭവസ്ഥലത്തെത്തിയ അനില്‍കുമാറും കോടതിയിലെത്തി മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ താന്‍ കേരളത്തില്‍ ഇല്ലായിരുന്നെന്നാണ് പ്രതിയുടെ വാദം. എന്നാല്‍ പാചകവാതക കണക്ഷനുവേണ്ടി ഗ്യാസ് ഏജന്‍സിയില്‍ പ്രതി കൊടുത്ത അപേക്ഷയുടെ കോപ്പി തെളിവായി ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്.
കേസില്‍ ആടിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പൊലീസുകാരെ ആക്രമിച്ച കേസിന് പുറമേ നിരവധി കേസുകള്‍ ആടിന്റെ പേരിലുണ്ട്. ഇതിന്റെ വിചാരണയും കോടതില്‍ നടക്കുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി.എന്‍.ഹസ്‌കര്‍, എന്‍.മുഹമ്മദ് നഹാസു മാണ് കോടതിയില്‍ ഹാജരായിരുന്നത്.
