പ്രമുഖ മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായി അന്തരിച്ചു

First Published 17, Apr 2018, 9:16 PM IST
Veteran journalist TVR Shenoy passes away
Highlights
  • അന്ത്യം മണിപ്പാൽ ആശുപത്രിയിൽ
  • മൃതദേഹം ദില്ലിയിലേക്ക് എത്തിക്കും
  • വിടവാങ്ങിയത് മാധ്യമരംഗത്തെ കുലപതി

മണിപ്പാൽ: മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി.ആർ ഷേണായ് അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുപോകും. 2003ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

എറണാകുളം ചെറായി സ്വദേശിയായ ഷേണായി, ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് പത്രപ്രവർത്തനരംഗത്ത് എത്തിയത്.  1990-92 കാലയളവിൽ സൺഡേ മെയിൽ  പത്രത്തിന്‍റെ എഡിറ്ററായിരുന്നു. പ്രസാദ്ഭാരതി നിർവാഹണ സമിതിയംഗമായും സേവനം അനുഷ്ടിച്ചു. 1965 മുതൽ കാൽനൂറ്റാണ്ടോളം മലയാള മനോരമയിൽ പ്രവർത്തിച്ചു.  ദീർഘകാലം മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫും പിന്നീട് ദ് വീക്ക്  വാരിക എഡിറ്ററുമായിരുന്നു. അഞ്ചു പതിറ്റാണ്ടോളം സജീവപത്രപ്രവർത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിട്ടുണ്ട്. 

വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുളള വിശകലനം നടത്തുമ്പോഴും അനുപമമായ ആഖ്യാനശൈലി നിലനിർത്താൻ അദ്ദേഹത്തിനായി. ഓക്സ്ഫഡ് സർവകലാശാലയടക്കം വിവിധ വേദികളിൽ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 2003ലാണ് രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ  അലാവിറ്റ കമാണ്ടർ വിസ്ഡം  പുരസ്കാരം ലഭിച്ചിട്ടുണ്ട്. സരോജമാണ് ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കള്‍.

loader