ലക്നൗ: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ വലിയ മാറ്റങ്ങള്‍ സംഘടനയില്‍ കൊണ്ടു വരണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന ബിജെപി നേതാവ്. കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കണമെന്നും അമിത് ഷായ്ക്ക് പകരം പാര്‍ട്ടി ദേശീയ അധ്യക്ഷനായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൊണ്ടു വരണമെന്നുമാണ് മുതിര്‍ന്ന ബിജെപി നേതാവ് സംഘ്പ്രിയ ഗൗതം അഭിപ്രായപ്പെടുന്നത്. 

വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം  മാധ്യമങ്ങള്‍ക്ക് അയച്ച കത്തിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച നേതാക്കന്‍മാരിലൊരാളാണ് നരേന്ദ്രമോദിയെന്ന് കത്തില്‍ പറയുന്ന ഗൗതം പക്ഷേ വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ മോദിമാജിക് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. രാജ്യസഭയില്‍ പ്രവര്‍ത്തനം ശക്തമാക്കി കൊണ്ട് അമിത് ഷാ പാര്‍ട്ടി അധ്യക്ഷ പദവി ശിവരാജ് സിംഗ് ചൗഹാന് നല്‍കണം എന്നാണ് സംഘ്പ്രിയ ഗൗതമിന്‍റെ അഭിപ്രായം. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്‍റെ ആത്മീയ ചുമതലകളിലേക്ക് തിരികെ വിടണമെന്ന് നിര്‍ദേശിക്കുന്ന ഗൗതം പകരം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.